Thursday 14 November 2013

പറയാനൊരിടം

 പ്രിയമുള്ള കൂട്ടുകാരെ,
ഏവര്‍ക്കും ശിശുദിനാശംസകള്‍ !

വര്‍ഷങ്ങള്‍ക്കുംമുന്‍പ് , 1889 - ല്‍
ഇതുപോലൊരു നവംബര്‍ പതിനാലിനാണ്
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും
കൂട്ടുകാരുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു  ജനിച്ചത്.
ദീര്‍ഘദര്‍ശിയായ ആ രാഷ്'ട്രശില്‍പിയെ
ഈ അവസരത്തില്‍ നമുക്ക് ആദരപൂര്‍വ്വം ഓര്‍മിക്കാം.


ദിനാചരണങ്ങള്‍ അപകടസൂചനകള്‍ കൂടിയാണ്.
ബാല്യത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം വേണ്ട രീതിയില്‍  തിരിച്ചറിയുന്നില്ല എന്നതാണ് ശിശുദിനാഘോഷത്തന്റെ പിന്നാമ്പുറത്തുള്ള ഒരു അപകട സൂചന.
അതുകൊണ്ടായിരിക്കുമല്ലോ ദിനാചരണമൊക്കെ വേണ്ടിവന്നത്.

കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, അവകാശം മുതലായ കാര്യങ്ങള്‍
ആണ്ടറുതികളില്‍ വന്നുപോകുന്ന
ദിനാചരണങ്ങളിലും ആഘോഷങ്ങളിലും  മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് മറ്റൊരപകടം.
വര്‍ഷങ്ങളായി നമ്മള്‍ ശിശുദിനം ആഘോഷിച്ചുവരുന്നുണ്ടല്ലോ.
എന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമവും ചൂഷണവും പീഡനവും നമ്മുടെ നാട്ടില്‍ കൂടിക്കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം കുട്ടികളുള്ള നമ്മുടെ രാജ്യം
(2011 ലെ കാനേഷുമാരി കണക്കെടുപ്പു പ്രകാരം ഇന്ത്യയില്‍ 15,87,89,287 കുട്ടികളുണ്ടത്രെ !
ചൈനക്ക് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമേയുളളൂ.)
ശിശു വികാസ സൂചികയുടെ (Child Development Index) കാര്യത്തില്‍
നൂറ്റി പന്ത്രണ്ടാം സ്ഥാനത്താണെന്നറിയുമ്പോഴാണ്
ഇന്ത്യയിലെ കുട്ടികളുടെ യഥാര്‍ഥ അവസ്ഥ നമുക്ക് മനസ്സിലാവുന്നത്.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന കാര്യം
ശിശുദിനത്തിന്റെ പിറ്റേദിവസം തന്നെ നമ്മള്‍ മറന്നു പോവുകയാണോ ?

ഒരു വശത്ത് അവഗണനയും അവഹേളനവും അനുഭവിക്കുമ്പോള്‍,
മറുവശത്ത് അമിതമായ പരിചരണവും ശിക്ഷണവുമാണ്  വലിയൊരു വിഭാഗം കൂട്ടുകാര്‍ക്കു ലഭിക്കുന്നത്.
കുട്ടികളെ കുറച്ചുസമയമെങ്കിലും അവരുടെ പാട്ടിനു വിടാന്‍ ഈ രക്ഷിതാക്കള്‍ ഒരുക്കമല്ല.
കുട്ടികളോട് മുതിര്‍ന്നവര്‍ക്ക് ഇവിടെ ഒരുതരം ബഹുമാനം കലര്‍ന്ന ആരാധാനയും ഉണ്ട്.
ജീവിതത്തില്‍ എല്ലാ കാലത്തും ഈ പരിചരണവും പരിഗണനയും നമുക്ക് കിട്ടുമോ ?
കേരളീയ ബാല്യം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഒരു പക്ഷെ ഇതായിരിക്കാം.

പരിണാമചരിത്രത്തില്‍ ഏറ്റവും വികാസം നേടിയ മനുഷ്യവംശത്തിലെ ശിശുക്കള്‍ മാത്രം
ഇത്രയധികം പരാശ്രയജീവികളായി മാറിയത് അത്ഭുതം തന്നെ.
എങ്കിലും, ശുചിത്വം, ആരോഗ്യം, സ്വഭാവം, പഠനം,
കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടുമുള്ള സഹകരണം മുതലായ കാര്യങ്ങളെല്ലാം
തങ്ങളാലാവും വിധം സ്വയമേവ ചെയ്യാന്‍ കുട്ടികള്‍ക്കും കഴിയണം.
എല്ലാത്തിനും മുതിര്‍ന്നവരെ മാത്രം കുറ്റം പറയുന്നതു ശരിയല്ലല്ലോ.

എങ്ങനെയായാലും കുട്ടികള്‍ക്കു വേണ്ടി ചിന്തിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.
അതുകൊണ്ടാണല്ലോ കുട്ടികളുടെ അവകാശപ്രഖ്യാപന ഉടമ്പടിയും
(Declaration of Child Right Convention, United Nations, 1989)
വിദ്യാഭ്യാസ അവകാശ നിയമവുമൊക്കെ ഉണ്ടായത്.
(Right to Education, Government of India, 2009)
നിയമങ്ങള്‍ എത്ര ഉണ്ടായിട്ടും
ലോകമെമ്പാടും കുട്ടികളുടെ ദുരിതങ്ങള്‍ക്ക്  കാര്യമായ കുറവുണ്ടാവുന്നില്ല.

കുട്ടികള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക ?
കുട്ടികളുടെ കാര്യങ്ങള്‍ അറിയാനും പറയാനും നമുക്കു കഴിയണം.
തനിക്കോ കൂട്ടുകാര്‍ക്കോ
ആഹാരം ലഭിക്കുന്നില്ലെങ്കില്‍,
സ്കൂളില്‍ പോകാന്‍ പറ്റുന്നില്ലെങ്കില്‍,
പണത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍,
ഏതെങ്കിലും രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ .....
അത് കാണാനും തിരിച്ചറിയാനും പറയാനും നമുക്ക്  കഴിയണം.
കുട്ടികള്‍ക്കു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ ആദ്യമായി അറിയാന്‍ കഴിയുക.
അത് വേണ്ടപ്പെട്ടവരെ അറിയിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം.

ഇവിടെ, ഉയരുന്ന വലിയൊരു ചോദ്യമുണ്ട്.
ആരോട് പറയും ?
കുട്ടികള്‍ തന്റെയും കൂട്ടുകാരുടേയും ദുരനുഭവങ്ങള്‍ ആരോടാണ് പറയുക ?

നമുക്ക് പറയാനൊരിടം വേണം.
എല്ലാം തുറന്നു പറയാനൊരിടം.
അതിനായി, നമുക്കൊത്തൊരുമിച്ച് പരിശ്രമിക്കാം. 

സ്നേഹപൂര്‍വ്വം,
മാഷ്,
പാഠശാല,
രാമവര്‍മപുരം.



Monday 29 July 2013

വായനാവാരത്തിനുശേഷം

വായനാദിനവും വാരവുമൊക്കെ കഴിഞ്ഞതിനുശേഷമാണ് വായനയെപ്പറ്റി പറയുന്നത്. മറ്റു ദിനാചരണങ്ങള്‍ പോലെ, വായനാദിനത്തേയും  ദിനത്തിലോ വാരത്തിലോ ഒതുക്കാനാവില്ലല്ലോ.
വിജ്ഞാനം വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന, ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയുമൊക്കെ പുതിയ ലോകത്തില്‍ വായനക്ക് മുമ്പത്തെയത്ര പ്രാധാന്യമുണ്ടോ? പുതിയ അറിവുകള്‍ നേടുന്നതിനും വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനും ഇനി വായിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ?

ഇന്റര്‍നെറ്റായാലും കമ്പ്യൂട്ടറായാലും  വിവരങ്ങള്‍ അറിയണമെങ്കില്‍  വായിക്കാതെ തരമില്ലല്ലോ. പണ്ട് വായിച്ചിരുന്നത് പുസ്തകങ്ങളില്‍ നിന്നായിരുന്നുവെങ്കില്‍ ഇന്ന് കമ്പ്യൂട്ടറും ഇ റീഡറുമൊക്കെയായി എന്നു മാത്രം. ആദിമ കാലത്ത് മനുഷ്യന്‍ കല്ലിലും ഓലകളിലുമൊക്കെ എഴുതിയതാണല്ലോ വായിച്ചിരുന്നത്. കല്ലില്‍ നിന്ന് വായിച്ചിരുന്നത് ഇപ്പോള്‍ കമ്പ്യൂട്ടറിലായി. കല്ലായാലും കമ്പ്യൂട്ടറായാലും വായനക്കുപകരം വായാന മാത്രം !

എന്തുകൊണ്ടാണ്  വായന മനുഷ്യജീവിതത്തില്‍ ഇത്രത്തോളം പ്രധാനമാവുന്നത് ?
ആദിമകാലം മുതല്‍ ആധുനിക കാലം വരെ മനുഷ്യനെ വിടാതെ പിന്തുടരുന്നത് ?
അനുഭവമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. ഒരു ജന്മം കൊണ്ട് ഒരു മനുഷ്യന് നേടിയെടുക്കാനാവുന്ന  അനുഭവങ്ങള്‍ക്ക് പരിധിയുണ്ട്. മഹത്തായ രചനകള്‍ വായിക്കുന്നതോടെ മറ്റുള്ളവരുടെ അനേകം ജന്മങ്ങളിലെ അനുഭവങ്ങള്‍ നമുക്കും നേടാനാകുന്നു. ജന്മാന്തരങ്ങളിലൂടെ തലമുറകള്‍ നേടിയ അറിവുകള്‍ നമുക്കും സ്വാംശീകരിക്കാനാകുന്നു. മറ്റുള്ളവര്‍ക്ക്  ജീവിതത്തില്‍ പറ്റിയ പരാജയങ്ങളും തെറ്റുകളും നമുക്ക് ഒഴിവാക്കാനാകുന്നു. ഒരു ജന്മം കൊണ്ടുതന്നെ അനേകജന്മം നമുക്ക് ജീവിക്കാനാകുന്നു. അതുതന്നെയാണ് വായനയുടെ ഏറ്റവും വലിയ ഗുണം. ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍. ഏറ്റവും വലിയ ലാഭം. ജീവിത വജയം നേടിയ മഹാന്‍മാരും ലോകനേതാക്കളുമോല്ലാംതന്നെ മികച്ച വായനക്കാര്‍ കൂടിയായിരുന്നുവല്ലോ.

തലമുറകള്‍ നേടിയ അറിവുകള്‍ മാത്രമല്ല, പുതിയ അറിവുകള്‍ നേടുന്നതിനും വായനാതന്നെയാണ് പ്രധാന മാര്‍ഗം. 'If you are not updated, you will be outdated' എന്നു കേട്ടിട്ടില്ലേ? വായിക്കുകയും പുതിയ പുതിയ അറിവുകള്‍ സ്വയത്തമാക്കുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ പിന്നിലായിപ്പോകും. പഴഞ്ചനായിപ്പോകും. ആധുനികമായ വേഷഭൂഷാദികളും പെരുമാറ്റരീതികളും ഉണ്ടായതുകൊണ്ടുമാത്രം 'മോഡേണ്‍' ആയി എന്ന ധാരണ ശരിയല്ല. പുറമേക്കുള്ള ഇത്തരം പ്രകടനങ്ങള്‍കൊണ്ട് നമുക്ക് അധികമൊന്നും പിടിച്ചുനില്‍ക്കാനാവില്ല. അറിവും ചിന്തയം ബുദ്ധിയും മനസ്സും എന്നും തേച്ചുമിനുക്കിയും മൂര്‍ച്ചകൂട്ടിയും പുതുക്കിക്കൊണ്ടുമിരിക്കുക. 'അറിവും ബുദ്ധിയും ഇരിക്കെ കെടും' എന്ന് പണ്ടുള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ ? ആധുനിക മനശ്ശാസ്തവും ഈ അറിവ് ശരിവെക്കുന്നുണ്ട്. തലച്ചോറിന്റേയും ബുദ്ധിയുടേയും വളര്‍ച്ചക്കും വികാസത്തിനും ഉള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അതിനെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുക എന്നുതന്നെയാണ്. 'Use it or lose it' എന്നാണ് ബുദ്ധിയെക്കുറിച്ച് പറയുക. നിങ്ങള്‍ക്ക് ജന്മസിദ്ധമായി കിട്ടിയ തലച്ചോറിനെ ഒന്നുകില്‍ നിരന്തര ഉപയോഗത്തിലൂടെ മൂര്‍ച്ച കൂട്ടുകയും വളര്‍ത്തുകയും ചെയ്യാം. അല്ലെങ്കില്‍ ഉപയോഗിക്കാതെ നശിപ്പിക്കാം. ഏതുവേണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. നമ്മുടെ തലച്ചോറിനെയും ബുദ്ധിയേയും ഉപയോഗിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വായന. അത് ആഴത്തിലുള്ള ചിന്തക്കും മനനത്തിനും അവസരമൊരുക്കുന്നു. നമ്മുടെ ബുദ്ധിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. നമ്മുടെ ലോകത്തെ കൂടുതല്‍ വിശാലമാക്കുന്നു. ജീവിതത്തെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. ജീവിതത്തെ ജീവിതമാക്കുന്നു, മനുഷ്യനെ മനുഷ്യനാക്കുന്നു.

വായനയുടെ ഈ പ്രാധാന്യം നമ്മള്‍ എല്ലാവരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ടോ ? പാഠപുസ്തകത്തിലുള്ളതും പരീക്ഷക്കുള്ളതുമല്ലാതെ മറ്റൊന്നും മക്കളെ വായിക്കാനനുവദിക്കാത്ത രക്ഷിതാക്കളുണ്ട്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലം അങ്ങനെയാണ്. എന്തിനും ഏതിനും മത്സരമാണ്. എന്താണ് പ്രയോജനം എന്നാണ് നമ്മള്‍ ആദ്യം ആലോചിക്കുന്നത്. ഉടനടി പ്രയോജനം കിട്ടുന്നതിലും ബാഹ്യമായ നേട്ടങ്ങളിലുമാണ് എല്ലാവരുടേയും കണ്ണ്. പ്രയോജനവാദമാണ് ഏറ്റവും വലിയ വാദം. 'അവനവനിസ'മാണ് ഏറ്റവും വലിയ 'ഇസം.' അങ്ങനെ അന്നന്ന് പ്രയോജനം തിരികെ ലഭിക്കുന്ന ഒന്നല്ലല്ലോ വായന.

പഠനകാലം തന്നെയാണ് വായനക്കുവേണ്ടി ഏറ്റവുമധികം ഉപയോഗപ്പെടുത്തേണ്ടത്. വലുതാകുമ്പോള്‍ ജോലിത്തിരക്കും കുടുംബകാര്യങ്ങളുമൊക്കെയായി കുറെ സമയം അങ്ങനെ പോകും. ജീവിതത്തിലേക്ക് നമ്മള്‍ കരുതിവെക്കുന്ന സ്ഥിര നിക്ഷേപമാണ് ചെറുപ്പത്തിലെ വായന. അതൊരു ദീര്‍ഘകാല നിക്ഷേപവുമാണ്. ജീവിതകാലം മുഴുവന്‍ അതിന്റെ പലിശ നമുക്ക് കിട്ടിക്കൊണ്ടിരിക്കും.

വായന പ്രധാനമാണ്. പക്ഷെ എന്താണ് വായിക്കേണ്ടത് ? നമ്മളോരോരുത്തരുടേയും പ്രായം, താത്പര്യം, പഠനമേഖല, തൊഴില്‍, ജീവിതലക്ഷ്യം മുതലായവക്കനുസരിച്ചാണ് വായനയും. വിഷയം ഏതായാലും വായനയിലേക്കുള്ള മികച്ച ചവിട്ടു പടികളാണ് പത്രങ്ങള്‍. പത്രപാരായണത്തിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കാം. ചെറുപ്പ കാലം മുതല്‍ തന്നെ ദിവസേന പത്രം വായിക്കുന്നത് ശീലമാകണം. വെറും അപകടങ്ങളും ചരമകോളവും കഥകളുമല്ല  പത്രത്തില്‍ നിന്നും വായിക്കേണ്ടത് എന്നു മാത്രം. കഥകള്‍ക്കും കോലാഹലങ്ങള്‍ക്കുമപ്പുറം ധാരാളം പുതിയ വാര്‍ത്തകളും വിശകലനങ്ങളും നിത്യേന പത്രങ്ങളില്‍ വരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം സപ്ലിമെന്‍റുകളും മിക്ക പത്രങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇവയെല്ലാം വായിക്കുയും സൂക്ഷിച്ചു വെക്കുകയും നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്യുന്നതു വളരെയധികം പ്രയോജനപ്രദമാണ്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജുകള്‍ വായിച്ചു ശീലമാകണം. ഹൈസ്കൂള്‍ ക്ലാസ്സുകളിലെത്തുമ്പോഴേക്കും  ഏതെങ്കിലും ഒരു ഇംഗ്ലീഷ് പത്രമെങ്കിലും വായിച്ചു തുടങ്ങുക. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പത്രവായനപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗമില്ല.

പത്രങ്ങള്‍ക്കു പുറമെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ ആനുകാലികങ്ങളും ജേണലുകളും പുസ്തകരൂപത്തിലും ഡിജിറ്റല്‍ രൂപത്തിലും ഇന്ന് ലഭ്യമാണ്. താല്പര്യം, പ്രായം മുതലായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മുതിര്‍ന്നവരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ ഇവ തിരഞ്ഞെടുക്കുക. പ്രായത്തിനും വിഷയത്തിനുമനുസരിച്ച്  ഇവ  മാറ്റുകയും പുതിയവ തിരഞ്ഞെടുക്കുകയും വേണം. കുട്ടികളായിരിക്കുമ്പോള്‍ വായിച്ചിരുന്ന ബാലമാസികകള്‍ വലുതാവുമ്പോള്‍ വായിക്കേണ്ടതില്ലല്ലോ. ഇംഗ്ലീഷ് മുതലായ അന്യഭാഷകള്‍ പഠിച്ചു തുടങ്ങുമ്പോള്‍ ആ ഭാഷകളിലുള്ള മാസികകളും യഥേഷ്ടം തിരഞ്ഞെടുക്കണം.

പത്രങ്ങള്‍കും ആനുകാലികങ്ങള്‍ക്കും പുറമെ, വായനക്കുള്ള പ്രാധാന സാമഗ്രികളാണ് പുസ്തകങ്ങള്‍. അവരവരുടെ വിഷയത്തിനും താല്‍പര്യത്തിനുമനുസരിച്ച് ആഴത്തിലും വിപുലവുമായ അറിവ് നേടുന്നതിന് പാഠപുസ്തകങ്ങളും ഗൈഡുകളും മാത്രം പോരാ. അതതു മേഖലകളില്‍ അധികവായക്കുള്ള പുസ്തകങ്ങള്‍ അധ്യാപകരോടും മുതിര്‍ന്നവോടും ചോദിച്ച് കണ്ടെത്തി വായിക്കുക. വായിച്ച പ്രധാന കാര്യങ്ങള്‍ കുറിച്ചു വെക്കുക. കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്യാന്‍ വശമായാല്‍ പിന്നെ, സൗകര്യമുണ്ടങ്കില്‍, ഡിജിറ്റലായിത്തന്നെ രേഖപ്പെടുത്തിവെക്കുക. കൂടുതര്‍കാലം സൂക്ഷിക്കുന്നതിന് സഹായകമാകും. 'ഗൂഗിള്‍ ഡോക്യുമെന്റ്സ് 'പോലെ രേഖകള്‍ ശേഖരിച്ച്  ഓണ്‍ലൈനായി സൂക്ഷിച്ച് വെക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.  വിഷയസംബന്ധമായ പുസ്തകങ്ങള്‍ക്കു പുറമെ മികച്ച കഥ, കവിത, നോവലുകള്‍, ജീവചരിത്രങ്ങള്‍, അനുഭവങ്ങള്‍, യാത്രാവിവരണങ്ങള്‍ മുതലായവ കൂടി വായിക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ നല്ല വായനക്കാരായിക്കഴിഞ്ഞു. വായന ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തായി അപ്പോള്‍ അനുഭവപ്പെട്ടുതുടങ്ങും. ഏതു തൊഴിലില്‍ ഏര്‍പ്പെടുന്നവരാകട്ടെ, ഏതുമേഖയില്‍ ജീവിക്കുന്നവരാകട്ടെ, വായനയുടെ ഗുണം നിങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ പ്രതിഫലിക്കും.

ഈ ലോകത്തുള്ള എല്ലാം കാര്യങ്ങളും എന്നും നമുക്ക് വായിച്ചുകൊണ്ടിരിക്കുവാന്‍ സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. അതുകൊണ്ട്, എന്തു വായിക്കണം എന്ന് അറിയലും രിരഞ്ഞെടുക്കലും വളരെ പ്രധാനമാണ്. ഓരോ പ്രായത്തിലും വായിക്കേണ്ടതെന്തെന്ന് തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കളുടേയും മുതിര്‍ന്നവരുടേയും അധ്യാപകരുടെയും സഹായം തേടുന്നതാണ് നല്ലത്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ആ വ്യത്യാസം വായനയിലും ഉണ്ടാകും. ഉണ്ടാകണം.

ഈ ഭൂമുഖത്ത് മനുഷ്യരായി പിറന്നു വീഴുന്ന നമ്മള്‍ ജീവിതകാലയളവിനിടയില്‍ എന്തെല്ലാം പ്രവൃത്തികളിലേര്‍പ്പെടുന്നു. വിദ്യാഭ്യാസം മുതല്‍ വിപ്ലവം വരെ. ധ്യാനം മുതല്‍ യുദ്ധം വരെ. മനുഷ്യവ്യവഹാരമേഖലകള്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പക്ഷെ, ഓര്‍ത്തിരിക്കേണ്ട ഒന്നുണ്ട്. എന്തു ചെയ്യുകയാണെങ്കിലും അത് ജീവിതത്തിനുവേണ്ടിയുള്ളതാകണം. ജീവിതമാണ്, അവിടെ നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ്, അതുമാത്രമാണ് അവസാന കണക്കെടുപ്പില്‍ ബാക്കിയുണ്ടാവുക. വായനയായാലും അത് ജീവിതത്തിന് പ്രയോജനകരമാകണം. ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കാണം. അതിന് കഴിയുന്ന രീതിയില്‍ എല്ലാദിവസവും വായനാദിനങ്ങളാക്കുക.

സ്നേഹപൂര്‍വ്വം,
മാഷ്,   
പാഠശാല.


Saturday 1 June 2013

സ്കൂളുകള്‍ തുറക്കുമ്പോള്‍....

ഒരു പുതിയ അധ്യയനവര്‍ഷം കൂടി ! പുതിയ ക്ലാസ്, കൂട്ടുകാര്‍, അധ്യാപകര്‍... അങ്ങനെ ഒട്ടേറെ പുതുമകള്‍ ! ചിലര്‍ക്ക് ഇരിക്കുന്ന ക്ലാസ്സുകള്‍ മത്രമാണ് മാറ്റം വന്നതെങ്കില്‍ ചിലര്‍ക്ക് സ്കൂളും കൂട്ടുകാരും അധ്യാപകരും പഠനവിഷയവും ബോധനമാധ്യമവും അപ്പാടെ മാറിയിട്ടുണ്ടാകാം. ചിലരുടെയെങ്കിലും വിദ്യാഭ്യാസജീവിതത്തില്‍ ഇത്തരം പരിവര്‍ത്തനഘട്ടങ്ങള്‍ നിര്‍ണായകമാവാറുണ്ട്. 

അപരിചിതമായ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാവുക എന്നത് നല്ല വ്യക്തിത്വത്തിന്‍ന്റേയും ബുദ്ധിനിലവാരത്തിന്‍റേയുമൊക്കെ ലക്ഷണമായി പറയാറുണ്ട്. ഭാവിജീവിതത്തിലെ മാറി വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള ഒരു പരിശീലനമായി സ്കൂള്‍ മാറ്റങ്ങളെ കണ്ടാല്‍ മതി. ജീവിതത്തില്‍ എന്നും എല്ലാം ഒരേപോലെ ഇരിക്കുകയില്ലല്ലോ.

അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കാവശ്യമായതും അല്ലാത്തതുമായ പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ വിപണി ഇതിനെയും ഒരു ഉത്സവമാക്കുന്നുണ്ട്. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവുമെളുപ്പം വീഴുന്നത് കുട്ടികളാണല്ലോ. സ്കൂളിലാകട്ടെ, പുതിയ അധ്യനവര്‍ഷത്തിലെ സജ്ജീകരണങ്ങളൊരുക്കുന്നതിന്റെ തത്രപ്പാടും.  തിരക്കുകള്‍ക്കിടയില്‍, മുതിര്‍ന്നവര്‍ക്ക് നിസ്സാരമെന്നു തോന്നാവുന്ന സ്കൂള്‍ മാറ്റവും പുതിയ സാഹചര്യങ്ങളും ചെറിയ കുട്ടികളെ സംബന്ധിച്ചെങ്കിലും ചിലപ്പോള്‍ പ്രധാനമായേക്കാം.

സ്കൂള്‍ തുറക്കുന്നദിവസം പ്രവേശനോത്സവമായി കേരളത്തിലെ വിദ്യാലയങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നുണ്ടല്ലോ. പ്രവേശനോത്സവത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്നതും വിപുലവുമായ ആഘോഷപരിപാടികള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട്. ആദ്യമായി സ്കൂളിലെത്തുന്നവരുടെ പരിഭ്രമം ഒഴിവാക്കുന്നതിനുവേണ്ടി തുടങ്ങിയ ഈ പരിപാടി ഇന്ന് സ്കൂളിന്റേയും നാടിന്റേയും മൊത്തത്തിലുള്ള ആഘോഷമാണ്, പലയിടത്തും. എല്ലാവര്‍ക്കും പരസ്പരം കാണാനും പരിചയപ്പടാനും പരിചയം പുതുക്കാനും അധ്യനവര്‍ഷത്തിലെ ആദ്യദിനം തന്നെ സന്തോഷകരമാക്കാനും ഇതുകൊണ്ട് കഴിയുന്നു. 

ആഘോഷങ്ങളെന്തായാലും, സ്കൂളില്‍  എല്ലാവരും ഒത്തുകൂടുന്ന യോഗം /മീറ്റിങ്ങ് /അസംബ്ലി ആദ്യദിനം തന്നെ ഉണ്ടാകുന്നത് വളരെ നല്ലതാണ്. പുതിയ വര്‍ഷത്തെ പൊതുതീരുമാനങ്ങളും കാര്യങ്ങളുമെല്ലാം പ്രധാനാധ്യാപകന് ഈ അവസരത്തില്‍ എല്ലാവരോടുമായി പറയാമല്ലോ. കുട്ടികളോടും അധ്യാപകരോടുമൊപ്പം എല്ലാ രക്ഷിതാക്കളും ഈ കൂടിച്ചേരലില്‍ ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ ഓരോ രക്ഷിതാക്കളും അറിയേണ്ടതാണ്. പ്രവേശനോത്സവങ്ങള്‍ 'പ്രസംഗോത്സവങ്ങളായി' മാറാതെ കുട്ടികള്‍ക്കു വേണ്ടിയുള്ളതു കൂടിയായാല്‍ നല്ലതാണ്. സ്കൂളില്‍ പാലിക്കേണ്ട പൊതുനിയമങ്ങള്‍, ശ്രദ്ധിക്കേണ്ട
പഠനകാര്യങ്ങള്‍, അറിയിപ്പുകള്‍ എന്നുവേണ്ട, വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളെല്ലാം ആദ്യത്തെ ദിവസനം തന്നെ പറയുന്നത് നല്ലതാണ്.   ' അറിഞ്ഞില്ല കേട്ടില്ല ' എന്ന് പിന്നെ ആരും പറയില്ലല്ലോ. വേണമെങ്കില്‍ രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും വേറെ വേറെ ഒത്തുകൂടലുകളും ആകാം.

സ്കൂളിലെ ആദ്യദിനങ്ങള്‍ സ്കൂള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ പരിചയപ്പെടുന്നതിന് ഉപയോഗപ്പെടുത്താം. സ്വന്തം ക്ലാസ്സുകള്‍ മാത്രമല്ല  ഓഫീസ്, സ്റ്റാഫ് റൂം, ഹാളുകള്‍, ഗ്രൗണ്ട്, കക്കൂസ്, മൂത്രപ്പുര, വെള്ളടാപ്പുകള്‍, മറ്റു സ്ഥലങ്ങള്‍ മുതലായവയെല്ലാം അധ്യാപകരുടെ അനുവാദത്തോടെ ഒന്നു കാണാന്‍ ഒഴിവുസമയം ഉപയോഗിക്കാം. 'സ്ഥലജലവിഭ്രാന്തി' ഒഴിവാക്കാന്‍ ചിലര്‍ക്കെങ്കിലും ഇത് സഹായകമാവും.

പുതിയ അധ്യയന വര്‍ഷമാണെങ്കിലും അത്ര പുതുമയായി ഒന്നും തോന്നാത്തവരും ധാരാളമുണ്ടാകം. വര്‍ഷങ്ങളായി പഠിച്ചുവരുന്ന സ്കൂളില്‍ ഒരു കൊല്ലം മാറുമ്പോഴേക്കും എന്തു പുതുമയാണ് ഉണ്ടാകാനുള്ളത് ?
അതേ സ്കൂള്‍, അതേ അധ്യാപകര്‍, അതേ കൂട്ടുകാര്‍ ....... എല്ലാം പഴയതു തന്നെ. ഈ ധാരണ ശരിയല്ല. സ്കൂള്‍ മാറിയിട്ടില്ലെങ്കിലും നമ്മളോരോരുത്തരും ഒട്ടേറെ മാറിയിട്ടുണ്ടുണ്ട്. ഇന്നലത്തെ 'ഞാന'ല്ല, ഇന്നത്തെ 'ഞാന്‍.' നമ്മള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസത്തേയും അനുഭവങ്ങളിലൂടെ നേടുന്ന വളര്‍ച്ച. നമ്മള്‍ മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല. നമ്മളോടു തന്നെയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ എന്തെങ്കിലും ഗുണകരമായ മാറ്റം ഈ വര്‍ഷം എന്നില്‍ ഉണ്ടാകണം. അതിനുവേണ്ടി നമ്മള്‍ നമ്മളോടുതന്നെ മത്സരിക്കണം. അതാണ് നമ്മളെ വളര്‍ത്തുന്ന മത്സരം. മറ്റു മത്സരങ്ങള്‍ പലപ്പോഴും നമ്മളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. 

വദ്യാര്‍ഥികളെ സംബന്ധിച്ച്, ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള നല്ല അവസരമാണ് പുതിയ അധ്യയന വര്‍ഷാരംഭം. എന്തുകൊണ്ടാണ് ചിലര്‍ മികച്ച വിജയം നേടുകയും നല്ല മാര്‍ക്കു വാങ്ങുകയും ചെയ്യുമ്പോള്‍ ചിലര്‍ അതില്‍ പരാജയപ്പെടുന്നത് ? ബുദ്ധിയില്ലാഞ്ഞിട്ടാണോ ? സത്യത്തില്‍, ശരാശരി ബുദ്ധിയുള്ള ആര്‍ക്കും  വിജയിക്കാവുന്നതാണ് ,നമ്മുടെ ഒട്ടുമിക്ക വിഷയങ്ങളും പരീക്ഷകളും. എന്നിട്ടുമെന്തേ ചിലര്‍മാത്രം ഉന്നത വിജയം നേടുകയും ചിലര്‍ മാത്രം പിന്നോക്കം പോകുകയും ചെയ്യുന്നു ? വളരെ എളുപ്പമായ ചോദ്യം തന്നെ. പക്ഷെ ഉത്തരം അത്ര എളുപ്പമല്ലെന്നു മാത്രം ! എന്തുകൊണ്ടാണ് ചിലര്‍ വിദ്യയുള്ളവരായിരിക്കുമ്പോള്‍ ചിലര്‍ വിദ്യയില്ലാത്തവരായിരിക്കുന്നത്  ? ചിലര്‍ ധനികരായിരിക്കുമ്പോള്‍ കുറെ പേര്‍ ദരിദ്രരായിരിക്കുന്നത് ? ഈ  ചോദ്യങ്ങള്‍ക്ക് ലളിതമായ ഒരു ഉത്തരരം നൂറ്റാണ്ടുകള്‍ക്കമുമ്പ് ഒരാള്‍ പറഞ്ഞുവെച്ചിട്ടുണ്ട് - മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍. 

'കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുള്ളോര്‍ക്കര്‍ഥവുമുണ്ടായ്‌വരാ.'
(അധ്യാത്മരാമായണം കിളിപ്പാട്ട് ബാലകാണ്ഡം)
(ക്ഷണനേരം സാരമില്ലെന്നു വിചാരിക്കുന്നവര്‍ക്ക് വിദ്യ ഉണ്ടാവുകയില്ല. ധനത്തിന്റെ ചെറിയ അംശങ്ങളെ നിസ്സാരമായി തള്ളുന്നവര്‍ക്ക് ധനവും ഉണ്ടാവുകയില്ല)

സമ്പത്തിന്റെ ചെറിയ അംശങ്ങള്‍ നിസ്സാരമെന്നു കരുതുന്നവര്‍ക്ക് ധനം ഉണ്ടാവുകയില്ല എന്ന് പൊതുവെ പറയാറുള്ള കാര്യമാണ്. ധനത്തിന്റെ ചെറിയ ചെറിയ അംശങ്ങള്‍ കൂട്ടിവെച്ചാണല്ലോ  വലിയ സമ്പത്തായി മാറുന്നത്. എന്നാരല്‍ അറിവ് ഉണ്ടാകുന്നത് ചെറിയ പാഠങ്ങളോ അറിവുകളോ ചേര്‍ത്തുവെച്ചാണ് എന്നല്ല എഴുത്തച്ഛന്‍ പറഞ്ഞത്. സമയത്തിന്റെ ചെറിയ അംശങ്ങള്‍ ചേര്‍ത്തുവച്ചതാണ് പഠനവും അറിവും.  സമയം നിസ്സാരമായിക്കരുതി നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഉയര്‍ന്ന മര്‍ക്കും ഉന്നത വിജയവും ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന് ചുരുക്കം.
മഹാകവിയുടെ ലളിതമായ ഉത്തരം  ഈ അധ്യയനവര്‍ഷം മുതല്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ ? അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ സമയം എങ്ങനെ ഉപയോഗിക്കണമെന്ന് ശീലമാക്കുക. ഉന്നതവിജയങ്ങള്‍ നേടുക!

എല്ലാവര്‍ക്കും വിജയങ്ങള്‍ നിറഞ്ഞ അധ്യയനവര്‍ഷം ആശംസിച്ചുകൊണ്ട്,                                       
മാഷ്,
പാഠശാല, രാമവര്‍മപുരം, തൃശ്ശൂര്‍

 

Tuesday 16 April 2013

അവധിക്കാലം തിരിച്ചുപിടിക്കുക

കൂട്ടുകാരോടൊത്ത് പാടത്തും പറമ്പിലും കളിച്ചു നടന്നിരുന്ന പഴയ അവധിക്കാലം പോയ തലമുറയുടെ ഓര്‍മ മാത്രമാണിപ്പോള്‍. ഇന്ന് , കൂട്ടുകാരുടെ ഏറ്റവും തിരക്കുള്ള കാലമാണ്  'അവധിക്കാലം'! ക്യാമ്പുകള്‍, ക്ലാസ്സുകള്‍, ട്രെയ്‌നിങ്ങുകള്‍, ടൂറുകള്‍, പ്രത്യേക കോച്ചിങ്ങുകള്‍, മുന്നൊരുക്കങ്ങള്‍ .........   അങ്ങനെ തിരക്കോടു തിരക്കു തന്നെ. തിരക്കുകള്‍ക്കിടയില്‍ അവധിക്കാലം അവധിക്കാലമല്ലാതായി തീരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക.
അവധിക്കാലം നമ്മള്‍ തിരിച്ചു പിടിക്കുക തന്നെ വേണം.

അവധിക്കാലം തിരിച്ചു പിടിക്കുക എന്നാല്‍ പഴയ കാലത്തിലേക്ക് തിരിച്ചുപോകലല്ല. അത് പ്രായോഗികവുമല്ല. കാലം മാറിയതിനനുസരിച്ച് സാഹചര്യങ്ങളിലും ജീവിതാനുഭവങ്ങളിലും ഒരുപാട് മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ടല്ലോ. ആധുനിക വിവര സാങ്കേതിക വിദ്യകള്‍, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, ഏറിവന്ന യാത്രാ സൗകര്യങ്ങള്‍ ........ അങ്ങനെ എന്തെല്ലാം മാറ്റങ്ങള്‍ ! നമ്മള്‍ അവയ്ക്കെതിരെ പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.   മാറി വരുന്ന കാലത്തെ നമ്മള്‍ പ്രയോജനപ്പെടുത്തുക തന്നെ വേണം. അവധിക്കാലത്തെയും.

സ്കൂളില്‍, പാഠങ്ങള്‍ പഠിക്കുന്ന തിരക്കില്‍,  നമ്മള്‍ പലപ്പോഴും ജീവിതം പഠിക്കാന്‍ മറന്നുപോകാറുണ്ട്. വ്യക്തിപരമായ ആവശ്യങ്ങളെല്ലാം സ്വയം ചെയ്തു ശീലിക്കുന്നതിനുള്ള അവസരമായി അവധിക്കാലത്തെ ഉപയോഗിക്കാം. പാചകം, നീന്തല്‍,  സൈക്ലിങ്ങ്, ഡ്രൈവിങ്ങ് എന്നു വേണ്ട, സാധാരണ വീട്ടുജോലികള്‍ ചെയ്തു ശീലിക്കുന്നതും ഭാവിജീവിതത്തില്‍ നമുക്ക് ഒരുപാട് പ്രയോജനങ്ങള്‍ ചെയ്തേക്കാം. നാട്ടിലെ ക്ലബ്ബുകളുടേയും കൂട്ടായ്‌മകളുടേയും  പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാനവസരമുണ്ടെങ്കില്‍ അവ നഷ്ടപ്പെടുത്തരുത്. വീട്ടുകാരോടും നാട്ടുകാരോടും ഒപ്പം സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നതിലൂടെ സ്കൂളില്‍ നിന്നു നേടാനാവാത്ത പല പാഠങ്ങളും നമുക്ക് പഠിക്കാനാവും.

കളികള്‍, ഉല്ലാസയാത്രകള്‍, വിരുന്നുകള്‍, സന്ദര്‍ശനങ്ങള്‍,  ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ശേഖരണങ്ങള്‍, പരീക്ഷണങ്ങള്‍, നിരീക്ഷണങ്ങള്‍, ഹോബികള്‍, പടമെടുപ്പ്, പടം വര, എഴുത്ത് (ഡയറി. യാത്രാവിവരണം, കഥ, കവിത....... ) മുതലായവയെല്ലാം അവധിക്കാലത്തെ സമ്പുഷ്ടമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഇവയെല്ലാം ചെയ്യണമെന്നല്ല. ഇവ മാത്രമേ ചെയ്യാവൂ എന്നുമല്ല. അവരവര്‍ക്ക് ഇഷ്ടമുള്ള, പ്രയോജനപ്രദമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുക.  സന്തോഷകരമായി ചെയ്യാന്‍ ശ്രമിക്കുക.  അവ മനസ്സിന് പുത്തനുണര്‍വും ഊര്‍ജ്ജവും തരും.

അവധിക്കാലം കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റി വെയ്ക്കണം. അടുത്ത കൊല്ലം പഠിക്കാനുള്ള പുസ്തകങ്ങളല്ല ഉദ്ദേശിച്ചത്. ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍.,.......... അങ്ങനെ മാനസിക ഉല്ലാസം തരുന്ന വായന. മലയോളമോ ഇംഗ്ലീഷോ അവരവര്‍ക്ക് വഴങ്ങുന്ന ഏതു ഭാഷയുമാവാം. നല്ല പുസ്തകങ്ങളെപ്പോലെ പ്രയോജനപ്പെടുന്ന വേറെ കൂട്ടുകാരില്ല.  ജീവിതയാത്രക്ക് എന്നും മുതല്‍ക്കൂട്ടാവുന്ന ഈ ചങ്ങാതികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിന് ഈ അവധിക്കാലത്തല്ലാതെ എപ്പോഴാണ് നമുക്ക് സമയം ലഭിക്കുക?  മുതിര്‍ന്നവരുടെ സഹായത്തോടെ നല്ല പുസ്തകങ്ങള്‍ വായനക്കായി തെരഞ്ഞെടുക്കുക. വായന മനസ്സിനെ വിശാലമാക്കും. മനുഷ്യനെ വളര്‍ത്തും.

അവധിക്കാലം ടി വി ക്കു മുന്നില്‍ ചെലവവിക്കാനുള്ളതാണെന്ന ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നും, ചില കൂട്ടുകാര്‍ ടി വി ക്കു മുന്നില്‍ ഇരിക്കുന്നതു കണ്ടാല്‍. ഇതു ശരിയല്ല. ടി വി ക്കു മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളില്‍ ഒട്ടേറെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ദഹനക്കുറവ്, കാഴ്ചത്തകരാറുകള്‍, മുതലായ ശാരീരിക പ്രശ്നങ്ങളും അലസത, ഉന്മേഷക്കുറവ്, അക്രമവാസന, അകാരണമായ ആകാംക്ഷ, ഭയം മുതലായ മാനസിക പ്രശ്നങ്ങളും ഇവയില്‍ ചിലതു മാത്രമാണ്. അതു കൊണ്ട്,  മറ്റു സമയങ്ങളിലെന്ന പോലെ, അവധിക്കാലത്തും ടി വി കാണുന്നതില്‍ അല്‍പം നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതു തന്നെയാണ് നല്ലത്. അവ, വീട്ടുകാരടിച്ചേല്‍പ്പിക്കാതെയുള്ള സ്വയം നിയന്ത്രണങ്ങളായാല്‍ വളരെ നന്നായി.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അമിതമായ ആസക്തിയും അവധിക്കാലത്തെ ഒഴിവു സമയങ്ങളെ അപഹരിച്ചേക്കാം. വിവേചനപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇവയും കൂട്ടുകാരെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഒന്നും ചെയ്യാനില്ലാത്ത, ശൂന്യമായ സമയമല്ല അവധിക്കാലം.. അതങ്ങനെ ശൂന്യമായി കിടക്കുമ്പോഴാണ് ഗുണകരമല്ലാത്ത പലതും നമ്മുടെ സമയം അപഹരിക്കുക.  അതു കൊണ്ട്, അവധിക്കാലത്ത് ഓരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടുതന്നെ സമയം ചെലവഴിക്കുക. ചെയ്യുന്ന കാര്യങങ്ങള്‍ സന്തോഷകരവും മനസ്സിനും ശരീരത്തിനും ഉല്ലാസം നല്‍കുന്നതുകൂടിയായാല്‍ നന്നായി. അമിതഭാരവും ഉല്‍കണ്ഠയും നെട്ടോട്ടവുമൊക്കെ ഒഴിവാക്കി, സന്തോഷത്തോടെ, ക്രിയാത്മകമായി, അവധിക്കാലം ചെലവഴിക്കുക.

എല്ലാവര്‍ക്കും അവധിക്കാല ആശംസകള്‍ !

സ്നേഹപൂര്‍വ്വം,
മാഷ്.

Wednesday 20 March 2013

പരീക്ഷകള്‍ പരീക്ഷണങ്ങളാകാതിരിക്കാന്‍

പ്രിയപ്പെട്ട കൂട്ടുകാരെ, രക്ഷിതാക്കളെ, അധ്യാപകരെ,
 പാഠശാലയിലേക്ക് സ്വാഗതം !

ഒരു വര്‍ഷക്കാലത്തെ പഠനപ്രവര്‍ത്തനങ്ങളുടെ അവസാനമായി, വര്‍ഷാന്ത്യപരീക്ഷയുടെ സമയമാണല്ലോ ഇത്.
ചിലര്‍ക്ക് സ്കൂള്‍തല പരീക്ഷകള്‍. ചിലര്‍ക്ക് പൊതു പരീക്ഷകള്‍. ചിലര്‍ ആദ്യമായി പരീക്ഷയെഴുതുന്നവര്‍..... ഏതു തരക്കാരായാലും ഏതെങ്കിലും രീതിയിലുള്ള പരീക്ഷയെ നേരിടാതെ ജീവിതത്തില്‍ നമുക്ക് മുന്നേറാനാവില്ല. പരീക്ഷാക്കാലം മാനസികസംഘര്‍ഷങ്ങളുടെയും കൂടി കാലമാണ് പലര്‍ക്കും ഇപ്പോള്‍. പ്രത്യേകിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും. പരീക്ഷയെക്കുറിച്ചുള്ള അമിതമായ ആകാംക്ഷയും ഭയവും അതിനെ വിജയകരമായി നേരിടുന്നതിന് തടസ്സമായിട്ടാണ് ഭവിക്കുക. പറയാനൊക്കെ എളുപ്പമാണ് പക്ഷെ, സ്വന്തം കാര്യം വരുമ്പോള്‍ ആര്‍ക്കും ഈ പരീക്ഷാഭയം ഉണ്ടാവും അല്ലേ ?
ശരിയാണ്. ചെറിയ ഒരു ഭയം കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നതിന് നമ്മളെ സഹായിച്ചേക്കാം.      അത് അധികമാവുമ്പോഴാണ് വിപരീതഫലം ചെയ്യുക. പരീക്ഷയെ വിജയകരമായി നേരിടാന്‍ സഹായകമായേക്കാവുന്ന ചില കാര്യങ്ങള്‍ കേട്ടോളൂ....
  • ദിനകൃത്യങ്ങള്‍, പഠനം ഉറക്കം മുതലായ കാര്യങ്ങള്‍ അവരവര്‍ ശീലിച്ചുവരുന്ന സമയങ്ങളില്‍ തന്നെ ചിട്ടയായി ചെയ്യുക. പരീക്ഷക്കാലത്തിനു മാത്രമായി പ്രത്യേക മാറ്റങ്ങള്‍ പെട്ടെന്നു വരുത്തുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടാക്കിയേക്കാം
  •  പഠിച്ച കാര്യങ്ങള്‍ റിവ്യൂ ചെയ്ത് ചെറിയ ബ്രീഫ് നോട്ടുകള്‍ ചിട്ടയായി തയ്യാറാക്കി വെക്കുക. പരീക്ഷത്തലേന്ന് ഈ ബ്രീഫ് നോട്ടുകള്‍ വേണം ഉപയോഗപ്പെടുത്താന്‍. പരീക്ഷത്തലേന്ന് വിശദമായ പഠനത്തിനും വിപുലമായ റഫറന്‍സിനും പോകാതിരിക്കുന്നതാണ് നല്ലത്.
  •  പരീക്ഷാ സമയത്ത്, ചോദ്യപ്പേപ്പര്‍ കിട്ടിയാല്‍ ആദ്യം ചോദ്യങ്ങളെല്ലാം ഒന്നോടിച്ചു വായിച്ചു നോക്കുക. ചോയ്സുകളുണ്ടെങ്കില്‍ എഴുതേണ്ടവയേതെന്ന് ആദ്യം എഴുതേണ്ടത് ഏതെന്നും തീരുമാനിക്കുക. 
  • കൃത്യമായി സമയം പാലിക്കുക. ഓരോ ചോദ്യത്തിനും മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സമയം നീക്കിവെച്ച് എഴുതുക. പരീക്ഷക്കു പോകുമ്പോള്‍ എപ്പോഴും വാച്ച് കയ്യില്‍ കരുതുക. സമയം പാലിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുക. 
  • ധൃതിപിടിച്ച് , വായിക്കാന്‍ പറ്റാത്ത കയ്യക്ഷരത്തില്‍ എഴുതരുത്. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ വായിച്ചടുക്കാന്‍ കിട്ടുന്ന തരത്തില്‍ വേണം എഴുതാന്‍. എന്നുവച്ച് മനോഹരമായ കയ്യക്ഷരത്തില്‍ എഴുതാന്‍ ശ്രമിച്ച് സമയം കളയുകയും അരുത്.
  •  ചോദ്യങ്ങളെല്ലാം എഴുതിക്കഴിഞ്ഞശേഷം. അഞ്ചോ പത്തോ മിനുട്ട് എഴുതിയ ഉത്തരങ്ങള്‍ വായിക്കാന്‍ വേണ്ടി മാറ്റി വെക്കുന്നത് നല്ലതാണ്. ചോദ്യനമ്പരുകള്‍ പരിശാധിക്കല്‍, തെറ്റുകള്‍ തിരുത്തല്‍, പ്രധാനപ്പെട്ടവ അടിവരയിടല്‍ മുതലായവക്ക് ഈ സമയം ഉപയോഗപ്പെടുത്താം.
  • പരീക്ഷ കഴിഞ്ഞാല്‍ അതിനെ വിശകലനം ചെയ്യുന്നത് എല്ലാ പരീക്ഷകളും കഴിഞ്ഞിട്ടു മതി. എഴുതിക്കഴിഞ്ഞ പരീക്ഷകള്‍ തല്‍ക്കാലം മറക്കുക. അടുത്ത പരീക്ഷക്ക് തയ്യാറാകുക. 
  • ഒരു പരീക്ഷ കഴിഞ്ഞാല്‍ അടുത്ത പരീക്ഷക്കുമുമ്പ് രക്ഷിതാക്കള്‍ വീട്ടില്‍ വെച്ചു ചെയ്യുന്ന ചോദ്യപ്പേപ്പര്‍ വിശകലനം ഒഴിവാക്കുന്നതാണ് നല്ലത്. 
  • നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കാനുമുള്ള ഒരു അവസരമായി പരീക്ഷകളെ കാണുക.
  •  എല്ലാവര്‍ക്കും പരീക്ഷ ഒരേ പോലെ അനുഭവപ്പെട്ടുകൊള്ളണമെന്നില്ല. നാം നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുക. അതിനപ്പുറമുള്ളതിനെക്കുറിച്ചാലോചിച്ച് വേവലാതിപ്പെടാതിരിക്കുക.             എല്ലാവര്‍ക്കും വിജയാശംസകള്‍.........                                                             
സ്നേഫപൂര്‍വ്വം,
മാഷ്, 
പാഠശാല, ‍ഡയറ്റ്,തൃശ്ശൂര്‍,രാമവര്‍മപുരം.                                                                                                                            ഫോണ്‍ : 09961915178