Tuesday 16 April 2013

അവധിക്കാലം തിരിച്ചുപിടിക്കുക

കൂട്ടുകാരോടൊത്ത് പാടത്തും പറമ്പിലും കളിച്ചു നടന്നിരുന്ന പഴയ അവധിക്കാലം പോയ തലമുറയുടെ ഓര്‍മ മാത്രമാണിപ്പോള്‍. ഇന്ന് , കൂട്ടുകാരുടെ ഏറ്റവും തിരക്കുള്ള കാലമാണ്  'അവധിക്കാലം'! ക്യാമ്പുകള്‍, ക്ലാസ്സുകള്‍, ട്രെയ്‌നിങ്ങുകള്‍, ടൂറുകള്‍, പ്രത്യേക കോച്ചിങ്ങുകള്‍, മുന്നൊരുക്കങ്ങള്‍ .........   അങ്ങനെ തിരക്കോടു തിരക്കു തന്നെ. തിരക്കുകള്‍ക്കിടയില്‍ അവധിക്കാലം അവധിക്കാലമല്ലാതായി തീരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക.
അവധിക്കാലം നമ്മള്‍ തിരിച്ചു പിടിക്കുക തന്നെ വേണം.

അവധിക്കാലം തിരിച്ചു പിടിക്കുക എന്നാല്‍ പഴയ കാലത്തിലേക്ക് തിരിച്ചുപോകലല്ല. അത് പ്രായോഗികവുമല്ല. കാലം മാറിയതിനനുസരിച്ച് സാഹചര്യങ്ങളിലും ജീവിതാനുഭവങ്ങളിലും ഒരുപാട് മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ടല്ലോ. ആധുനിക വിവര സാങ്കേതിക വിദ്യകള്‍, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, ഏറിവന്ന യാത്രാ സൗകര്യങ്ങള്‍ ........ അങ്ങനെ എന്തെല്ലാം മാറ്റങ്ങള്‍ ! നമ്മള്‍ അവയ്ക്കെതിരെ പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.   മാറി വരുന്ന കാലത്തെ നമ്മള്‍ പ്രയോജനപ്പെടുത്തുക തന്നെ വേണം. അവധിക്കാലത്തെയും.

സ്കൂളില്‍, പാഠങ്ങള്‍ പഠിക്കുന്ന തിരക്കില്‍,  നമ്മള്‍ പലപ്പോഴും ജീവിതം പഠിക്കാന്‍ മറന്നുപോകാറുണ്ട്. വ്യക്തിപരമായ ആവശ്യങ്ങളെല്ലാം സ്വയം ചെയ്തു ശീലിക്കുന്നതിനുള്ള അവസരമായി അവധിക്കാലത്തെ ഉപയോഗിക്കാം. പാചകം, നീന്തല്‍,  സൈക്ലിങ്ങ്, ഡ്രൈവിങ്ങ് എന്നു വേണ്ട, സാധാരണ വീട്ടുജോലികള്‍ ചെയ്തു ശീലിക്കുന്നതും ഭാവിജീവിതത്തില്‍ നമുക്ക് ഒരുപാട് പ്രയോജനങ്ങള്‍ ചെയ്തേക്കാം. നാട്ടിലെ ക്ലബ്ബുകളുടേയും കൂട്ടായ്‌മകളുടേയും  പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാനവസരമുണ്ടെങ്കില്‍ അവ നഷ്ടപ്പെടുത്തരുത്. വീട്ടുകാരോടും നാട്ടുകാരോടും ഒപ്പം സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നതിലൂടെ സ്കൂളില്‍ നിന്നു നേടാനാവാത്ത പല പാഠങ്ങളും നമുക്ക് പഠിക്കാനാവും.

കളികള്‍, ഉല്ലാസയാത്രകള്‍, വിരുന്നുകള്‍, സന്ദര്‍ശനങ്ങള്‍,  ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ശേഖരണങ്ങള്‍, പരീക്ഷണങ്ങള്‍, നിരീക്ഷണങ്ങള്‍, ഹോബികള്‍, പടമെടുപ്പ്, പടം വര, എഴുത്ത് (ഡയറി. യാത്രാവിവരണം, കഥ, കവിത....... ) മുതലായവയെല്ലാം അവധിക്കാലത്തെ സമ്പുഷ്ടമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഇവയെല്ലാം ചെയ്യണമെന്നല്ല. ഇവ മാത്രമേ ചെയ്യാവൂ എന്നുമല്ല. അവരവര്‍ക്ക് ഇഷ്ടമുള്ള, പ്രയോജനപ്രദമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുക.  സന്തോഷകരമായി ചെയ്യാന്‍ ശ്രമിക്കുക.  അവ മനസ്സിന് പുത്തനുണര്‍വും ഊര്‍ജ്ജവും തരും.

അവധിക്കാലം കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റി വെയ്ക്കണം. അടുത്ത കൊല്ലം പഠിക്കാനുള്ള പുസ്തകങ്ങളല്ല ഉദ്ദേശിച്ചത്. ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍.,.......... അങ്ങനെ മാനസിക ഉല്ലാസം തരുന്ന വായന. മലയോളമോ ഇംഗ്ലീഷോ അവരവര്‍ക്ക് വഴങ്ങുന്ന ഏതു ഭാഷയുമാവാം. നല്ല പുസ്തകങ്ങളെപ്പോലെ പ്രയോജനപ്പെടുന്ന വേറെ കൂട്ടുകാരില്ല.  ജീവിതയാത്രക്ക് എന്നും മുതല്‍ക്കൂട്ടാവുന്ന ഈ ചങ്ങാതികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിന് ഈ അവധിക്കാലത്തല്ലാതെ എപ്പോഴാണ് നമുക്ക് സമയം ലഭിക്കുക?  മുതിര്‍ന്നവരുടെ സഹായത്തോടെ നല്ല പുസ്തകങ്ങള്‍ വായനക്കായി തെരഞ്ഞെടുക്കുക. വായന മനസ്സിനെ വിശാലമാക്കും. മനുഷ്യനെ വളര്‍ത്തും.

അവധിക്കാലം ടി വി ക്കു മുന്നില്‍ ചെലവവിക്കാനുള്ളതാണെന്ന ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നും, ചില കൂട്ടുകാര്‍ ടി വി ക്കു മുന്നില്‍ ഇരിക്കുന്നതു കണ്ടാല്‍. ഇതു ശരിയല്ല. ടി വി ക്കു മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളില്‍ ഒട്ടേറെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ദഹനക്കുറവ്, കാഴ്ചത്തകരാറുകള്‍, മുതലായ ശാരീരിക പ്രശ്നങ്ങളും അലസത, ഉന്മേഷക്കുറവ്, അക്രമവാസന, അകാരണമായ ആകാംക്ഷ, ഭയം മുതലായ മാനസിക പ്രശ്നങ്ങളും ഇവയില്‍ ചിലതു മാത്രമാണ്. അതു കൊണ്ട്,  മറ്റു സമയങ്ങളിലെന്ന പോലെ, അവധിക്കാലത്തും ടി വി കാണുന്നതില്‍ അല്‍പം നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതു തന്നെയാണ് നല്ലത്. അവ, വീട്ടുകാരടിച്ചേല്‍പ്പിക്കാതെയുള്ള സ്വയം നിയന്ത്രണങ്ങളായാല്‍ വളരെ നന്നായി.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അമിതമായ ആസക്തിയും അവധിക്കാലത്തെ ഒഴിവു സമയങ്ങളെ അപഹരിച്ചേക്കാം. വിവേചനപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇവയും കൂട്ടുകാരെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഒന്നും ചെയ്യാനില്ലാത്ത, ശൂന്യമായ സമയമല്ല അവധിക്കാലം.. അതങ്ങനെ ശൂന്യമായി കിടക്കുമ്പോഴാണ് ഗുണകരമല്ലാത്ത പലതും നമ്മുടെ സമയം അപഹരിക്കുക.  അതു കൊണ്ട്, അവധിക്കാലത്ത് ഓരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടുതന്നെ സമയം ചെലവഴിക്കുക. ചെയ്യുന്ന കാര്യങങ്ങള്‍ സന്തോഷകരവും മനസ്സിനും ശരീരത്തിനും ഉല്ലാസം നല്‍കുന്നതുകൂടിയായാല്‍ നന്നായി. അമിതഭാരവും ഉല്‍കണ്ഠയും നെട്ടോട്ടവുമൊക്കെ ഒഴിവാക്കി, സന്തോഷത്തോടെ, ക്രിയാത്മകമായി, അവധിക്കാലം ചെലവഴിക്കുക.

എല്ലാവര്‍ക്കും അവധിക്കാല ആശംസകള്‍ !

സ്നേഹപൂര്‍വ്വം,
മാഷ്.

No comments:

Post a Comment