Tuesday 13 June 2017

വായനയ്ക്ക് ഒരാമുഖം









പ്രിയപ്പെട്ട കൂട്ടുകാരെ,


ഗ്രന്ഥശാലാസംഘം സ്ഥാപകനായ ശ്രീ. പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമാണ് എന്നറിയാമല്ലോ. ഈ കൊല്ലം ജൂണ്‍ 19 മുതല്‍ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ 7 വരെ വായനാപക്ഷമായി ആചരിക്കാനാണ് ലൈബ്രറി കൗണ്‍ണ്‍സിലും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.

പുസ്തകം വായിക്കാന്‍ വേണ്ടി മാത്രമായി നമുക്ക് ഒരൊഴിവു സമയം കിട്ടില്ലല്ലോ. പല്ലുതേപ്പ്, കുളി,  ഭക്ഷണം എന്നിവ പോലെ വായനയും  ഒരു ദിനചര്യയാക്കി മാറ്റാന്‍ ഈ പക്ഷാചരണം മുതല്‍ നമുക്ക് ശ്രമിച്ചുനോക്കാം. 

വായന പല തരത്തിലുണ്ട് എന്നറിയാമോ? ഉച്ചത്തിലുള്ള വായന, മൗനവായന, സാവധാനമുള്ള വായന, വേഗത്തിലുള്ള വായന, ആവര്‍ത്തനവായന, മറിച്ചുനോക്കല്‍, തിരഞ്ഞുവായന (പുസ്കത്തിന്റെ ഏതെങ്കിലും ഭാഗം മാത്രം) ...... അങ്ങനെ എത്രയെത്ര വായനകള്‍! ഇതില്‍ ഏതു വായനയാണ് നമുക്കു വേണ്ടത്? ചില കാര്യങ്ങള്‍ നമുക്ക് വേഗത്തില്‍ വായിക്കാന്‍ പറ്റില്ല.  വെളിച്ചക്കുറവുള്ള വഴിയിലൂടെ സാവധാനമല്ലേ നടക്കാന്‍ പറ്റൂ? അപ്പോള്‍ സാവധാനം വായിക്കേണ്ടി വരും. എന്നാല്‍ വേഗതത്തിലുള്ള വായന പലപ്പോഴും ആവശ്യമാണുതാനും. ചില പുസ്തകങ്ങള്‍ മുഴുവന്‍ നമുക്ക് വായിക്കേണ്ട ആവശ്യമുണ്ടാവില്ല. അപ്പോള്‍ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രമാണ് നമ്മള്‍ വായിക്കുക. ഇഷ്ടപ്പെട്ട  പുസ്തകങ്ങളും കൂടുതല്‍ മനസ്സിലാക്കാനാനുള്ളവയും വീണ്ടും വീണ്ടും വായിക്കാം. (പത്തു പുസ്തകം ഓരോ തവണ വായിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ ഗുണം ചെയ്യുക ഒരു പുസ്തകം പത്തു തവണ വായിക്കുന്നതായിരിക്കും. എന്ന് ആവര്‍ത്തനവായനയുടെ പ്രാധാന്യത്തെപ്പറ്റി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീമതി ഹരിത വി. കുമാര്‍ ഐ.എ.എസ് ) അങ്ങിനെ എല്ലാ തരത്തലുള്ള വായനയും ആവശ്യത്തിനനുസരിച്ച് നമുക്ക് ഉപയോഗിക്കേണ്ടി വരും.

വായന വൈവിധ്യമുള്ളതാക്കാന്‍ ശ്രദ്ധിക്കണേ. വായനയെന്നാല്‍ നോവലും കഥയും മാത്രമല്ല, ശാസ്ത്രപുസ്തകങ്ങളും ചരിത്രപുസ്തകങ്ങളും വായിക്കാനായി തിരഞ്ഞെടുക്കുക. ശാസ്ത്രമാസികകള്‍, ജീവചരിത്രങ്ങള്‍, ഇംഗ്ലീഷ്, ഹിന്ദി, മറ്റു ഭാഷാപുസ്തകങ്ങള്‍ മുതലായവ കണ്ടെത്തുക, വായിക്കുക.

എല്ലാ മേഖലകളിലും പ്രയോജനപ്പെടുന്ന പുസ്തകങ്ങളെപ്പറ്റി അതതു മേഖലകളിലുള്ളവരോട് അന്വേഷിക്കുമല്ലോ. വായിക്കാനുള്ള പുസ്തകങ്ങളുടെ വളരുന്ന ഒരു ലിസ്റ്റ് നമുക്ക് ഉണ്ടാക്കി വെയ്ക്കാം. അപ്പോള്‍ പിന്നെ 'എന്താണ് വായിക്കേണ്ടത്?'എന്നാലോചിച്ച് നമുക്ക് സമയം കളയേണ്ടി വരില്ല.

വായിച്ച കാര്യങ്ങള്‍ എല്ലാവരും എല്ലാ കാലത്തും മുഴുവന്‍ ഓര്‍ത്തിരിക്കണമെന്നില്ലല്ലോ. വായിച്ച പുസ്തകങ്ങളുടെ ഒരു  കുറിപ്പ് തയ്യാറാക്കി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. പുസ്തകത്തിന്റെ പേര്, വിഭാഗം, എഴുതിയ ആളുടെ പേര് മുതലായ കാര്യങ്ങള്‍ക്കുപുറമെ പുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും എഴുതിവെയ്ക്കുന്നതിന്  ഒരു പുസ്തകം കരുതുക.

നമ്മുടെ നാട്ടിലെല്ലാം ധാരാളം ഗ്രന്ഥശാലകളുണ്ട്. അവിടെയെല്ലാം ധാരാളം പുസ്തകങ്ങളുമുണ്ട്. ഏതിലെങ്കിലും  അംഗത്വം ഉണ്ടോ? ഇല്ലെങ്കില്‍, വീടിന്റെയോ സ്കൂളിന്റേയോ അടുത്തുള്ള സൗകര്യപ്രദമായ ഒരു ലൈബ്രറിയില്‍ അംഗത്വമെടുക്കാന്‍ മറക്കരുതേ!

'വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയുള്ളതുകൊണ്ട് ഇപ്പോള്‍ കുറച്ചു വായനയൊക്കെയുണ്ട്' എന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിരിക്കുന്ന കാലമാണിത്.സാമൂഹ്യമാധ്യമങ്ങളായാലും ഓണ്‍ലൈന്‍ വായനയായാലും നമുക്ക് ആവശ്യമുള്ളവയാണോ എന്നു നോക്കി വായിക്കാന്‍ ശ്രമിക്കാം. സമയം കളയാനുള്ള വായനയില്‍നിന്ന് സമയം നേടാനുള്ള വായനയിലേക്ക് വളരാന്‍ ഇക്കൊല്ലത്തെ വായനാപക്ഷാചരണത്തെ നമുക്ക് ഉപയോഗപ്പെടുത്തിനോക്കാം.

വായനാപക്ഷത്തോടനുബന്ധിച്ച് നടത്താന്‍ പറ്റുന്ന പരിപാടികളെക്കുറിച്ചറിയാന്‍ തൃശ്ശൂര്‍ ഡയറ്റിന്റെ വെബ്സൈറ്റ് ( www.dietthrissur.org )സന്ദര്‍ശിക്കൂ.

No comments:

Post a Comment