Saturday, 1 June 2013

സ്കൂളുകള്‍ തുറക്കുമ്പോള്‍....

ഒരു പുതിയ അധ്യയനവര്‍ഷം കൂടി ! പുതിയ ക്ലാസ്, കൂട്ടുകാര്‍, അധ്യാപകര്‍... അങ്ങനെ ഒട്ടേറെ പുതുമകള്‍ ! ചിലര്‍ക്ക് ഇരിക്കുന്ന ക്ലാസ്സുകള്‍ മത്രമാണ് മാറ്റം വന്നതെങ്കില്‍ ചിലര്‍ക്ക് സ്കൂളും കൂട്ടുകാരും അധ്യാപകരും പഠനവിഷയവും ബോധനമാധ്യമവും അപ്പാടെ മാറിയിട്ടുണ്ടാകാം. ചിലരുടെയെങ്കിലും വിദ്യാഭ്യാസജീവിതത്തില്‍ ഇത്തരം പരിവര്‍ത്തനഘട്ടങ്ങള്‍ നിര്‍ണായകമാവാറുണ്ട്. 

അപരിചിതമായ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാവുക എന്നത് നല്ല വ്യക്തിത്വത്തിന്‍ന്റേയും ബുദ്ധിനിലവാരത്തിന്‍റേയുമൊക്കെ ലക്ഷണമായി പറയാറുണ്ട്. ഭാവിജീവിതത്തിലെ മാറി വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള ഒരു പരിശീലനമായി സ്കൂള്‍ മാറ്റങ്ങളെ കണ്ടാല്‍ മതി. ജീവിതത്തില്‍ എന്നും എല്ലാം ഒരേപോലെ ഇരിക്കുകയില്ലല്ലോ.

അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കാവശ്യമായതും അല്ലാത്തതുമായ പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ വിപണി ഇതിനെയും ഒരു ഉത്സവമാക്കുന്നുണ്ട്. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവുമെളുപ്പം വീഴുന്നത് കുട്ടികളാണല്ലോ. സ്കൂളിലാകട്ടെ, പുതിയ അധ്യനവര്‍ഷത്തിലെ സജ്ജീകരണങ്ങളൊരുക്കുന്നതിന്റെ തത്രപ്പാടും.  തിരക്കുകള്‍ക്കിടയില്‍, മുതിര്‍ന്നവര്‍ക്ക് നിസ്സാരമെന്നു തോന്നാവുന്ന സ്കൂള്‍ മാറ്റവും പുതിയ സാഹചര്യങ്ങളും ചെറിയ കുട്ടികളെ സംബന്ധിച്ചെങ്കിലും ചിലപ്പോള്‍ പ്രധാനമായേക്കാം.

സ്കൂള്‍ തുറക്കുന്നദിവസം പ്രവേശനോത്സവമായി കേരളത്തിലെ വിദ്യാലയങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നുണ്ടല്ലോ. പ്രവേശനോത്സവത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്നതും വിപുലവുമായ ആഘോഷപരിപാടികള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട്. ആദ്യമായി സ്കൂളിലെത്തുന്നവരുടെ പരിഭ്രമം ഒഴിവാക്കുന്നതിനുവേണ്ടി തുടങ്ങിയ ഈ പരിപാടി ഇന്ന് സ്കൂളിന്റേയും നാടിന്റേയും മൊത്തത്തിലുള്ള ആഘോഷമാണ്, പലയിടത്തും. എല്ലാവര്‍ക്കും പരസ്പരം കാണാനും പരിചയപ്പടാനും പരിചയം പുതുക്കാനും അധ്യനവര്‍ഷത്തിലെ ആദ്യദിനം തന്നെ സന്തോഷകരമാക്കാനും ഇതുകൊണ്ട് കഴിയുന്നു. 

ആഘോഷങ്ങളെന്തായാലും, സ്കൂളില്‍  എല്ലാവരും ഒത്തുകൂടുന്ന യോഗം /മീറ്റിങ്ങ് /അസംബ്ലി ആദ്യദിനം തന്നെ ഉണ്ടാകുന്നത് വളരെ നല്ലതാണ്. പുതിയ വര്‍ഷത്തെ പൊതുതീരുമാനങ്ങളും കാര്യങ്ങളുമെല്ലാം പ്രധാനാധ്യാപകന് ഈ അവസരത്തില്‍ എല്ലാവരോടുമായി പറയാമല്ലോ. കുട്ടികളോടും അധ്യാപകരോടുമൊപ്പം എല്ലാ രക്ഷിതാക്കളും ഈ കൂടിച്ചേരലില്‍ ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ ഓരോ രക്ഷിതാക്കളും അറിയേണ്ടതാണ്. പ്രവേശനോത്സവങ്ങള്‍ 'പ്രസംഗോത്സവങ്ങളായി' മാറാതെ കുട്ടികള്‍ക്കു വേണ്ടിയുള്ളതു കൂടിയായാല്‍ നല്ലതാണ്. സ്കൂളില്‍ പാലിക്കേണ്ട പൊതുനിയമങ്ങള്‍, ശ്രദ്ധിക്കേണ്ട
പഠനകാര്യങ്ങള്‍, അറിയിപ്പുകള്‍ എന്നുവേണ്ട, വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളെല്ലാം ആദ്യത്തെ ദിവസനം തന്നെ പറയുന്നത് നല്ലതാണ്.   ' അറിഞ്ഞില്ല കേട്ടില്ല ' എന്ന് പിന്നെ ആരും പറയില്ലല്ലോ. വേണമെങ്കില്‍ രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും വേറെ വേറെ ഒത്തുകൂടലുകളും ആകാം.

സ്കൂളിലെ ആദ്യദിനങ്ങള്‍ സ്കൂള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ പരിചയപ്പെടുന്നതിന് ഉപയോഗപ്പെടുത്താം. സ്വന്തം ക്ലാസ്സുകള്‍ മാത്രമല്ല  ഓഫീസ്, സ്റ്റാഫ് റൂം, ഹാളുകള്‍, ഗ്രൗണ്ട്, കക്കൂസ്, മൂത്രപ്പുര, വെള്ളടാപ്പുകള്‍, മറ്റു സ്ഥലങ്ങള്‍ മുതലായവയെല്ലാം അധ്യാപകരുടെ അനുവാദത്തോടെ ഒന്നു കാണാന്‍ ഒഴിവുസമയം ഉപയോഗിക്കാം. 'സ്ഥലജലവിഭ്രാന്തി' ഒഴിവാക്കാന്‍ ചിലര്‍ക്കെങ്കിലും ഇത് സഹായകമാവും.

പുതിയ അധ്യയന വര്‍ഷമാണെങ്കിലും അത്ര പുതുമയായി ഒന്നും തോന്നാത്തവരും ധാരാളമുണ്ടാകം. വര്‍ഷങ്ങളായി പഠിച്ചുവരുന്ന സ്കൂളില്‍ ഒരു കൊല്ലം മാറുമ്പോഴേക്കും എന്തു പുതുമയാണ് ഉണ്ടാകാനുള്ളത് ?
അതേ സ്കൂള്‍, അതേ അധ്യാപകര്‍, അതേ കൂട്ടുകാര്‍ ....... എല്ലാം പഴയതു തന്നെ. ഈ ധാരണ ശരിയല്ല. സ്കൂള്‍ മാറിയിട്ടില്ലെങ്കിലും നമ്മളോരോരുത്തരും ഒട്ടേറെ മാറിയിട്ടുണ്ടുണ്ട്. ഇന്നലത്തെ 'ഞാന'ല്ല, ഇന്നത്തെ 'ഞാന്‍.' നമ്മള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസത്തേയും അനുഭവങ്ങളിലൂടെ നേടുന്ന വളര്‍ച്ച. നമ്മള്‍ മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല. നമ്മളോടു തന്നെയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ എന്തെങ്കിലും ഗുണകരമായ മാറ്റം ഈ വര്‍ഷം എന്നില്‍ ഉണ്ടാകണം. അതിനുവേണ്ടി നമ്മള്‍ നമ്മളോടുതന്നെ മത്സരിക്കണം. അതാണ് നമ്മളെ വളര്‍ത്തുന്ന മത്സരം. മറ്റു മത്സരങ്ങള്‍ പലപ്പോഴും നമ്മളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. 

വദ്യാര്‍ഥികളെ സംബന്ധിച്ച്, ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള നല്ല അവസരമാണ് പുതിയ അധ്യയന വര്‍ഷാരംഭം. എന്തുകൊണ്ടാണ് ചിലര്‍ മികച്ച വിജയം നേടുകയും നല്ല മാര്‍ക്കു വാങ്ങുകയും ചെയ്യുമ്പോള്‍ ചിലര്‍ അതില്‍ പരാജയപ്പെടുന്നത് ? ബുദ്ധിയില്ലാഞ്ഞിട്ടാണോ ? സത്യത്തില്‍, ശരാശരി ബുദ്ധിയുള്ള ആര്‍ക്കും  വിജയിക്കാവുന്നതാണ് ,നമ്മുടെ ഒട്ടുമിക്ക വിഷയങ്ങളും പരീക്ഷകളും. എന്നിട്ടുമെന്തേ ചിലര്‍മാത്രം ഉന്നത വിജയം നേടുകയും ചിലര്‍ മാത്രം പിന്നോക്കം പോകുകയും ചെയ്യുന്നു ? വളരെ എളുപ്പമായ ചോദ്യം തന്നെ. പക്ഷെ ഉത്തരം അത്ര എളുപ്പമല്ലെന്നു മാത്രം ! എന്തുകൊണ്ടാണ് ചിലര്‍ വിദ്യയുള്ളവരായിരിക്കുമ്പോള്‍ ചിലര്‍ വിദ്യയില്ലാത്തവരായിരിക്കുന്നത്  ? ചിലര്‍ ധനികരായിരിക്കുമ്പോള്‍ കുറെ പേര്‍ ദരിദ്രരായിരിക്കുന്നത് ? ഈ  ചോദ്യങ്ങള്‍ക്ക് ലളിതമായ ഒരു ഉത്തരരം നൂറ്റാണ്ടുകള്‍ക്കമുമ്പ് ഒരാള്‍ പറഞ്ഞുവെച്ചിട്ടുണ്ട് - മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍. 

'കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുള്ളോര്‍ക്കര്‍ഥവുമുണ്ടായ്‌വരാ.'
(അധ്യാത്മരാമായണം കിളിപ്പാട്ട് ബാലകാണ്ഡം)
(ക്ഷണനേരം സാരമില്ലെന്നു വിചാരിക്കുന്നവര്‍ക്ക് വിദ്യ ഉണ്ടാവുകയില്ല. ധനത്തിന്റെ ചെറിയ അംശങ്ങളെ നിസ്സാരമായി തള്ളുന്നവര്‍ക്ക് ധനവും ഉണ്ടാവുകയില്ല)

സമ്പത്തിന്റെ ചെറിയ അംശങ്ങള്‍ നിസ്സാരമെന്നു കരുതുന്നവര്‍ക്ക് ധനം ഉണ്ടാവുകയില്ല എന്ന് പൊതുവെ പറയാറുള്ള കാര്യമാണ്. ധനത്തിന്റെ ചെറിയ ചെറിയ അംശങ്ങള്‍ കൂട്ടിവെച്ചാണല്ലോ  വലിയ സമ്പത്തായി മാറുന്നത്. എന്നാരല്‍ അറിവ് ഉണ്ടാകുന്നത് ചെറിയ പാഠങ്ങളോ അറിവുകളോ ചേര്‍ത്തുവെച്ചാണ് എന്നല്ല എഴുത്തച്ഛന്‍ പറഞ്ഞത്. സമയത്തിന്റെ ചെറിയ അംശങ്ങള്‍ ചേര്‍ത്തുവച്ചതാണ് പഠനവും അറിവും.  സമയം നിസ്സാരമായിക്കരുതി നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഉയര്‍ന്ന മര്‍ക്കും ഉന്നത വിജയവും ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന് ചുരുക്കം.
മഹാകവിയുടെ ലളിതമായ ഉത്തരം  ഈ അധ്യയനവര്‍ഷം മുതല്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ ? അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ സമയം എങ്ങനെ ഉപയോഗിക്കണമെന്ന് ശീലമാക്കുക. ഉന്നതവിജയങ്ങള്‍ നേടുക!

എല്ലാവര്‍ക്കും വിജയങ്ങള്‍ നിറഞ്ഞ അധ്യയനവര്‍ഷം ആശംസിച്ചുകൊണ്ട്,                                       
മാഷ്,
പാഠശാല, രാമവര്‍മപുരം, തൃശ്ശൂര്‍

 

1 comment: