Saturday, 1 June 2013

സ്കൂളുകള്‍ തുറക്കുമ്പോള്‍....

ഒരു പുതിയ അധ്യയനവര്‍ഷം കൂടി ! പുതിയ ക്ലാസ്, കൂട്ടുകാര്‍, അധ്യാപകര്‍... അങ്ങനെ ഒട്ടേറെ പുതുമകള്‍ ! ചിലര്‍ക്ക് ഇരിക്കുന്ന ക്ലാസ്സുകള്‍ മത്രമാണ് മാറ്റം വന്നതെങ്കില്‍ ചിലര്‍ക്ക് സ്കൂളും കൂട്ടുകാരും അധ്യാപകരും പഠനവിഷയവും ബോധനമാധ്യമവും അപ്പാടെ മാറിയിട്ടുണ്ടാകാം. ചിലരുടെയെങ്കിലും വിദ്യാഭ്യാസജീവിതത്തില്‍ ഇത്തരം പരിവര്‍ത്തനഘട്ടങ്ങള്‍ നിര്‍ണായകമാവാറുണ്ട്. 

അപരിചിതമായ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാവുക എന്നത് നല്ല വ്യക്തിത്വത്തിന്‍ന്റേയും ബുദ്ധിനിലവാരത്തിന്‍റേയുമൊക്കെ ലക്ഷണമായി പറയാറുണ്ട്. ഭാവിജീവിതത്തിലെ മാറി വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള ഒരു പരിശീലനമായി സ്കൂള്‍ മാറ്റങ്ങളെ കണ്ടാല്‍ മതി. ജീവിതത്തില്‍ എന്നും എല്ലാം ഒരേപോലെ ഇരിക്കുകയില്ലല്ലോ.

അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കാവശ്യമായതും അല്ലാത്തതുമായ പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ വിപണി ഇതിനെയും ഒരു ഉത്സവമാക്കുന്നുണ്ട്. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവുമെളുപ്പം വീഴുന്നത് കുട്ടികളാണല്ലോ. സ്കൂളിലാകട്ടെ, പുതിയ അധ്യനവര്‍ഷത്തിലെ സജ്ജീകരണങ്ങളൊരുക്കുന്നതിന്റെ തത്രപ്പാടും.  തിരക്കുകള്‍ക്കിടയില്‍, മുതിര്‍ന്നവര്‍ക്ക് നിസ്സാരമെന്നു തോന്നാവുന്ന സ്കൂള്‍ മാറ്റവും പുതിയ സാഹചര്യങ്ങളും ചെറിയ കുട്ടികളെ സംബന്ധിച്ചെങ്കിലും ചിലപ്പോള്‍ പ്രധാനമായേക്കാം.

സ്കൂള്‍ തുറക്കുന്നദിവസം പ്രവേശനോത്സവമായി കേരളത്തിലെ വിദ്യാലയങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നുണ്ടല്ലോ. പ്രവേശനോത്സവത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്നതും വിപുലവുമായ ആഘോഷപരിപാടികള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട്. ആദ്യമായി സ്കൂളിലെത്തുന്നവരുടെ പരിഭ്രമം ഒഴിവാക്കുന്നതിനുവേണ്ടി തുടങ്ങിയ ഈ പരിപാടി ഇന്ന് സ്കൂളിന്റേയും നാടിന്റേയും മൊത്തത്തിലുള്ള ആഘോഷമാണ്, പലയിടത്തും. എല്ലാവര്‍ക്കും പരസ്പരം കാണാനും പരിചയപ്പടാനും പരിചയം പുതുക്കാനും അധ്യനവര്‍ഷത്തിലെ ആദ്യദിനം തന്നെ സന്തോഷകരമാക്കാനും ഇതുകൊണ്ട് കഴിയുന്നു. 

ആഘോഷങ്ങളെന്തായാലും, സ്കൂളില്‍  എല്ലാവരും ഒത്തുകൂടുന്ന യോഗം /മീറ്റിങ്ങ് /അസംബ്ലി ആദ്യദിനം തന്നെ ഉണ്ടാകുന്നത് വളരെ നല്ലതാണ്. പുതിയ വര്‍ഷത്തെ പൊതുതീരുമാനങ്ങളും കാര്യങ്ങളുമെല്ലാം പ്രധാനാധ്യാപകന് ഈ അവസരത്തില്‍ എല്ലാവരോടുമായി പറയാമല്ലോ. കുട്ടികളോടും അധ്യാപകരോടുമൊപ്പം എല്ലാ രക്ഷിതാക്കളും ഈ കൂടിച്ചേരലില്‍ ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ ഓരോ രക്ഷിതാക്കളും അറിയേണ്ടതാണ്. പ്രവേശനോത്സവങ്ങള്‍ 'പ്രസംഗോത്സവങ്ങളായി' മാറാതെ കുട്ടികള്‍ക്കു വേണ്ടിയുള്ളതു കൂടിയായാല്‍ നല്ലതാണ്. സ്കൂളില്‍ പാലിക്കേണ്ട പൊതുനിയമങ്ങള്‍, ശ്രദ്ധിക്കേണ്ട
പഠനകാര്യങ്ങള്‍, അറിയിപ്പുകള്‍ എന്നുവേണ്ട, വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളെല്ലാം ആദ്യത്തെ ദിവസനം തന്നെ പറയുന്നത് നല്ലതാണ്.   ' അറിഞ്ഞില്ല കേട്ടില്ല ' എന്ന് പിന്നെ ആരും പറയില്ലല്ലോ. വേണമെങ്കില്‍ രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും വേറെ വേറെ ഒത്തുകൂടലുകളും ആകാം.

സ്കൂളിലെ ആദ്യദിനങ്ങള്‍ സ്കൂള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ പരിചയപ്പെടുന്നതിന് ഉപയോഗപ്പെടുത്താം. സ്വന്തം ക്ലാസ്സുകള്‍ മാത്രമല്ല  ഓഫീസ്, സ്റ്റാഫ് റൂം, ഹാളുകള്‍, ഗ്രൗണ്ട്, കക്കൂസ്, മൂത്രപ്പുര, വെള്ളടാപ്പുകള്‍, മറ്റു സ്ഥലങ്ങള്‍ മുതലായവയെല്ലാം അധ്യാപകരുടെ അനുവാദത്തോടെ ഒന്നു കാണാന്‍ ഒഴിവുസമയം ഉപയോഗിക്കാം. 'സ്ഥലജലവിഭ്രാന്തി' ഒഴിവാക്കാന്‍ ചിലര്‍ക്കെങ്കിലും ഇത് സഹായകമാവും.

പുതിയ അധ്യയന വര്‍ഷമാണെങ്കിലും അത്ര പുതുമയായി ഒന്നും തോന്നാത്തവരും ധാരാളമുണ്ടാകം. വര്‍ഷങ്ങളായി പഠിച്ചുവരുന്ന സ്കൂളില്‍ ഒരു കൊല്ലം മാറുമ്പോഴേക്കും എന്തു പുതുമയാണ് ഉണ്ടാകാനുള്ളത് ?
അതേ സ്കൂള്‍, അതേ അധ്യാപകര്‍, അതേ കൂട്ടുകാര്‍ ....... എല്ലാം പഴയതു തന്നെ. ഈ ധാരണ ശരിയല്ല. സ്കൂള്‍ മാറിയിട്ടില്ലെങ്കിലും നമ്മളോരോരുത്തരും ഒട്ടേറെ മാറിയിട്ടുണ്ടുണ്ട്. ഇന്നലത്തെ 'ഞാന'ല്ല, ഇന്നത്തെ 'ഞാന്‍.' നമ്മള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസത്തേയും അനുഭവങ്ങളിലൂടെ നേടുന്ന വളര്‍ച്ച. നമ്മള്‍ മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല. നമ്മളോടു തന്നെയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ എന്തെങ്കിലും ഗുണകരമായ മാറ്റം ഈ വര്‍ഷം എന്നില്‍ ഉണ്ടാകണം. അതിനുവേണ്ടി നമ്മള്‍ നമ്മളോടുതന്നെ മത്സരിക്കണം. അതാണ് നമ്മളെ വളര്‍ത്തുന്ന മത്സരം. മറ്റു മത്സരങ്ങള്‍ പലപ്പോഴും നമ്മളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. 

വദ്യാര്‍ഥികളെ സംബന്ധിച്ച്, ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള നല്ല അവസരമാണ് പുതിയ അധ്യയന വര്‍ഷാരംഭം. എന്തുകൊണ്ടാണ് ചിലര്‍ മികച്ച വിജയം നേടുകയും നല്ല മാര്‍ക്കു വാങ്ങുകയും ചെയ്യുമ്പോള്‍ ചിലര്‍ അതില്‍ പരാജയപ്പെടുന്നത് ? ബുദ്ധിയില്ലാഞ്ഞിട്ടാണോ ? സത്യത്തില്‍, ശരാശരി ബുദ്ധിയുള്ള ആര്‍ക്കും  വിജയിക്കാവുന്നതാണ് ,നമ്മുടെ ഒട്ടുമിക്ക വിഷയങ്ങളും പരീക്ഷകളും. എന്നിട്ടുമെന്തേ ചിലര്‍മാത്രം ഉന്നത വിജയം നേടുകയും ചിലര്‍ മാത്രം പിന്നോക്കം പോകുകയും ചെയ്യുന്നു ? വളരെ എളുപ്പമായ ചോദ്യം തന്നെ. പക്ഷെ ഉത്തരം അത്ര എളുപ്പമല്ലെന്നു മാത്രം ! എന്തുകൊണ്ടാണ് ചിലര്‍ വിദ്യയുള്ളവരായിരിക്കുമ്പോള്‍ ചിലര്‍ വിദ്യയില്ലാത്തവരായിരിക്കുന്നത്  ? ചിലര്‍ ധനികരായിരിക്കുമ്പോള്‍ കുറെ പേര്‍ ദരിദ്രരായിരിക്കുന്നത് ? ഈ  ചോദ്യങ്ങള്‍ക്ക് ലളിതമായ ഒരു ഉത്തരരം നൂറ്റാണ്ടുകള്‍ക്കമുമ്പ് ഒരാള്‍ പറഞ്ഞുവെച്ചിട്ടുണ്ട് - മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍. 

'കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുള്ളോര്‍ക്കര്‍ഥവുമുണ്ടായ്‌വരാ.'
(അധ്യാത്മരാമായണം കിളിപ്പാട്ട് ബാലകാണ്ഡം)
(ക്ഷണനേരം സാരമില്ലെന്നു വിചാരിക്കുന്നവര്‍ക്ക് വിദ്യ ഉണ്ടാവുകയില്ല. ധനത്തിന്റെ ചെറിയ അംശങ്ങളെ നിസ്സാരമായി തള്ളുന്നവര്‍ക്ക് ധനവും ഉണ്ടാവുകയില്ല)

സമ്പത്തിന്റെ ചെറിയ അംശങ്ങള്‍ നിസ്സാരമെന്നു കരുതുന്നവര്‍ക്ക് ധനം ഉണ്ടാവുകയില്ല എന്ന് പൊതുവെ പറയാറുള്ള കാര്യമാണ്. ധനത്തിന്റെ ചെറിയ ചെറിയ അംശങ്ങള്‍ കൂട്ടിവെച്ചാണല്ലോ  വലിയ സമ്പത്തായി മാറുന്നത്. എന്നാരല്‍ അറിവ് ഉണ്ടാകുന്നത് ചെറിയ പാഠങ്ങളോ അറിവുകളോ ചേര്‍ത്തുവെച്ചാണ് എന്നല്ല എഴുത്തച്ഛന്‍ പറഞ്ഞത്. സമയത്തിന്റെ ചെറിയ അംശങ്ങള്‍ ചേര്‍ത്തുവച്ചതാണ് പഠനവും അറിവും.  സമയം നിസ്സാരമായിക്കരുതി നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഉയര്‍ന്ന മര്‍ക്കും ഉന്നത വിജയവും ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന് ചുരുക്കം.
മഹാകവിയുടെ ലളിതമായ ഉത്തരം  ഈ അധ്യയനവര്‍ഷം മുതല്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ ? അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ സമയം എങ്ങനെ ഉപയോഗിക്കണമെന്ന് ശീലമാക്കുക. ഉന്നതവിജയങ്ങള്‍ നേടുക!

എല്ലാവര്‍ക്കും വിജയങ്ങള്‍ നിറഞ്ഞ അധ്യയനവര്‍ഷം ആശംസിച്ചുകൊണ്ട്,                                       
മാഷ്,
പാഠശാല, രാമവര്‍മപുരം, തൃശ്ശൂര്‍

 

Tuesday, 16 April 2013

അവധിക്കാലം തിരിച്ചുപിടിക്കുക

കൂട്ടുകാരോടൊത്ത് പാടത്തും പറമ്പിലും കളിച്ചു നടന്നിരുന്ന പഴയ അവധിക്കാലം പോയ തലമുറയുടെ ഓര്‍മ മാത്രമാണിപ്പോള്‍. ഇന്ന് , കൂട്ടുകാരുടെ ഏറ്റവും തിരക്കുള്ള കാലമാണ്  'അവധിക്കാലം'! ക്യാമ്പുകള്‍, ക്ലാസ്സുകള്‍, ട്രെയ്‌നിങ്ങുകള്‍, ടൂറുകള്‍, പ്രത്യേക കോച്ചിങ്ങുകള്‍, മുന്നൊരുക്കങ്ങള്‍ .........   അങ്ങനെ തിരക്കോടു തിരക്കു തന്നെ. തിരക്കുകള്‍ക്കിടയില്‍ അവധിക്കാലം അവധിക്കാലമല്ലാതായി തീരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക.
അവധിക്കാലം നമ്മള്‍ തിരിച്ചു പിടിക്കുക തന്നെ വേണം.

അവധിക്കാലം തിരിച്ചു പിടിക്കുക എന്നാല്‍ പഴയ കാലത്തിലേക്ക് തിരിച്ചുപോകലല്ല. അത് പ്രായോഗികവുമല്ല. കാലം മാറിയതിനനുസരിച്ച് സാഹചര്യങ്ങളിലും ജീവിതാനുഭവങ്ങളിലും ഒരുപാട് മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ടല്ലോ. ആധുനിക വിവര സാങ്കേതിക വിദ്യകള്‍, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, ഏറിവന്ന യാത്രാ സൗകര്യങ്ങള്‍ ........ അങ്ങനെ എന്തെല്ലാം മാറ്റങ്ങള്‍ ! നമ്മള്‍ അവയ്ക്കെതിരെ പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.   മാറി വരുന്ന കാലത്തെ നമ്മള്‍ പ്രയോജനപ്പെടുത്തുക തന്നെ വേണം. അവധിക്കാലത്തെയും.

സ്കൂളില്‍, പാഠങ്ങള്‍ പഠിക്കുന്ന തിരക്കില്‍,  നമ്മള്‍ പലപ്പോഴും ജീവിതം പഠിക്കാന്‍ മറന്നുപോകാറുണ്ട്. വ്യക്തിപരമായ ആവശ്യങ്ങളെല്ലാം സ്വയം ചെയ്തു ശീലിക്കുന്നതിനുള്ള അവസരമായി അവധിക്കാലത്തെ ഉപയോഗിക്കാം. പാചകം, നീന്തല്‍,  സൈക്ലിങ്ങ്, ഡ്രൈവിങ്ങ് എന്നു വേണ്ട, സാധാരണ വീട്ടുജോലികള്‍ ചെയ്തു ശീലിക്കുന്നതും ഭാവിജീവിതത്തില്‍ നമുക്ക് ഒരുപാട് പ്രയോജനങ്ങള്‍ ചെയ്തേക്കാം. നാട്ടിലെ ക്ലബ്ബുകളുടേയും കൂട്ടായ്‌മകളുടേയും  പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാനവസരമുണ്ടെങ്കില്‍ അവ നഷ്ടപ്പെടുത്തരുത്. വീട്ടുകാരോടും നാട്ടുകാരോടും ഒപ്പം സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നതിലൂടെ സ്കൂളില്‍ നിന്നു നേടാനാവാത്ത പല പാഠങ്ങളും നമുക്ക് പഠിക്കാനാവും.

കളികള്‍, ഉല്ലാസയാത്രകള്‍, വിരുന്നുകള്‍, സന്ദര്‍ശനങ്ങള്‍,  ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ശേഖരണങ്ങള്‍, പരീക്ഷണങ്ങള്‍, നിരീക്ഷണങ്ങള്‍, ഹോബികള്‍, പടമെടുപ്പ്, പടം വര, എഴുത്ത് (ഡയറി. യാത്രാവിവരണം, കഥ, കവിത....... ) മുതലായവയെല്ലാം അവധിക്കാലത്തെ സമ്പുഷ്ടമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഇവയെല്ലാം ചെയ്യണമെന്നല്ല. ഇവ മാത്രമേ ചെയ്യാവൂ എന്നുമല്ല. അവരവര്‍ക്ക് ഇഷ്ടമുള്ള, പ്രയോജനപ്രദമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുക.  സന്തോഷകരമായി ചെയ്യാന്‍ ശ്രമിക്കുക.  അവ മനസ്സിന് പുത്തനുണര്‍വും ഊര്‍ജ്ജവും തരും.

അവധിക്കാലം കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റി വെയ്ക്കണം. അടുത്ത കൊല്ലം പഠിക്കാനുള്ള പുസ്തകങ്ങളല്ല ഉദ്ദേശിച്ചത്. ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍.,.......... അങ്ങനെ മാനസിക ഉല്ലാസം തരുന്ന വായന. മലയോളമോ ഇംഗ്ലീഷോ അവരവര്‍ക്ക് വഴങ്ങുന്ന ഏതു ഭാഷയുമാവാം. നല്ല പുസ്തകങ്ങളെപ്പോലെ പ്രയോജനപ്പെടുന്ന വേറെ കൂട്ടുകാരില്ല.  ജീവിതയാത്രക്ക് എന്നും മുതല്‍ക്കൂട്ടാവുന്ന ഈ ചങ്ങാതികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിന് ഈ അവധിക്കാലത്തല്ലാതെ എപ്പോഴാണ് നമുക്ക് സമയം ലഭിക്കുക?  മുതിര്‍ന്നവരുടെ സഹായത്തോടെ നല്ല പുസ്തകങ്ങള്‍ വായനക്കായി തെരഞ്ഞെടുക്കുക. വായന മനസ്സിനെ വിശാലമാക്കും. മനുഷ്യനെ വളര്‍ത്തും.

അവധിക്കാലം ടി വി ക്കു മുന്നില്‍ ചെലവവിക്കാനുള്ളതാണെന്ന ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നും, ചില കൂട്ടുകാര്‍ ടി വി ക്കു മുന്നില്‍ ഇരിക്കുന്നതു കണ്ടാല്‍. ഇതു ശരിയല്ല. ടി വി ക്കു മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളില്‍ ഒട്ടേറെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ദഹനക്കുറവ്, കാഴ്ചത്തകരാറുകള്‍, മുതലായ ശാരീരിക പ്രശ്നങ്ങളും അലസത, ഉന്മേഷക്കുറവ്, അക്രമവാസന, അകാരണമായ ആകാംക്ഷ, ഭയം മുതലായ മാനസിക പ്രശ്നങ്ങളും ഇവയില്‍ ചിലതു മാത്രമാണ്. അതു കൊണ്ട്,  മറ്റു സമയങ്ങളിലെന്ന പോലെ, അവധിക്കാലത്തും ടി വി കാണുന്നതില്‍ അല്‍പം നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതു തന്നെയാണ് നല്ലത്. അവ, വീട്ടുകാരടിച്ചേല്‍പ്പിക്കാതെയുള്ള സ്വയം നിയന്ത്രണങ്ങളായാല്‍ വളരെ നന്നായി.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അമിതമായ ആസക്തിയും അവധിക്കാലത്തെ ഒഴിവു സമയങ്ങളെ അപഹരിച്ചേക്കാം. വിവേചനപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇവയും കൂട്ടുകാരെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഒന്നും ചെയ്യാനില്ലാത്ത, ശൂന്യമായ സമയമല്ല അവധിക്കാലം.. അതങ്ങനെ ശൂന്യമായി കിടക്കുമ്പോഴാണ് ഗുണകരമല്ലാത്ത പലതും നമ്മുടെ സമയം അപഹരിക്കുക.  അതു കൊണ്ട്, അവധിക്കാലത്ത് ഓരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടുതന്നെ സമയം ചെലവഴിക്കുക. ചെയ്യുന്ന കാര്യങങ്ങള്‍ സന്തോഷകരവും മനസ്സിനും ശരീരത്തിനും ഉല്ലാസം നല്‍കുന്നതുകൂടിയായാല്‍ നന്നായി. അമിതഭാരവും ഉല്‍കണ്ഠയും നെട്ടോട്ടവുമൊക്കെ ഒഴിവാക്കി, സന്തോഷത്തോടെ, ക്രിയാത്മകമായി, അവധിക്കാലം ചെലവഴിക്കുക.

എല്ലാവര്‍ക്കും അവധിക്കാല ആശംസകള്‍ !

സ്നേഹപൂര്‍വ്വം,
മാഷ്.

Wednesday, 20 March 2013

പരീക്ഷകള്‍ പരീക്ഷണങ്ങളാകാതിരിക്കാന്‍

പ്രിയപ്പെട്ട കൂട്ടുകാരെ, രക്ഷിതാക്കളെ, അധ്യാപകരെ,
 പാഠശാലയിലേക്ക് സ്വാഗതം !

ഒരു വര്‍ഷക്കാലത്തെ പഠനപ്രവര്‍ത്തനങ്ങളുടെ അവസാനമായി, വര്‍ഷാന്ത്യപരീക്ഷയുടെ സമയമാണല്ലോ ഇത്.
ചിലര്‍ക്ക് സ്കൂള്‍തല പരീക്ഷകള്‍. ചിലര്‍ക്ക് പൊതു പരീക്ഷകള്‍. ചിലര്‍ ആദ്യമായി പരീക്ഷയെഴുതുന്നവര്‍..... ഏതു തരക്കാരായാലും ഏതെങ്കിലും രീതിയിലുള്ള പരീക്ഷയെ നേരിടാതെ ജീവിതത്തില്‍ നമുക്ക് മുന്നേറാനാവില്ല. പരീക്ഷാക്കാലം മാനസികസംഘര്‍ഷങ്ങളുടെയും കൂടി കാലമാണ് പലര്‍ക്കും ഇപ്പോള്‍. പ്രത്യേകിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും. പരീക്ഷയെക്കുറിച്ചുള്ള അമിതമായ ആകാംക്ഷയും ഭയവും അതിനെ വിജയകരമായി നേരിടുന്നതിന് തടസ്സമായിട്ടാണ് ഭവിക്കുക. പറയാനൊക്കെ എളുപ്പമാണ് പക്ഷെ, സ്വന്തം കാര്യം വരുമ്പോള്‍ ആര്‍ക്കും ഈ പരീക്ഷാഭയം ഉണ്ടാവും അല്ലേ ?
ശരിയാണ്. ചെറിയ ഒരു ഭയം കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നതിന് നമ്മളെ സഹായിച്ചേക്കാം.      അത് അധികമാവുമ്പോഴാണ് വിപരീതഫലം ചെയ്യുക. പരീക്ഷയെ വിജയകരമായി നേരിടാന്‍ സഹായകമായേക്കാവുന്ന ചില കാര്യങ്ങള്‍ കേട്ടോളൂ....
  • ദിനകൃത്യങ്ങള്‍, പഠനം ഉറക്കം മുതലായ കാര്യങ്ങള്‍ അവരവര്‍ ശീലിച്ചുവരുന്ന സമയങ്ങളില്‍ തന്നെ ചിട്ടയായി ചെയ്യുക. പരീക്ഷക്കാലത്തിനു മാത്രമായി പ്രത്യേക മാറ്റങ്ങള്‍ പെട്ടെന്നു വരുത്തുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടാക്കിയേക്കാം
  •  പഠിച്ച കാര്യങ്ങള്‍ റിവ്യൂ ചെയ്ത് ചെറിയ ബ്രീഫ് നോട്ടുകള്‍ ചിട്ടയായി തയ്യാറാക്കി വെക്കുക. പരീക്ഷത്തലേന്ന് ഈ ബ്രീഫ് നോട്ടുകള്‍ വേണം ഉപയോഗപ്പെടുത്താന്‍. പരീക്ഷത്തലേന്ന് വിശദമായ പഠനത്തിനും വിപുലമായ റഫറന്‍സിനും പോകാതിരിക്കുന്നതാണ് നല്ലത്.
  •  പരീക്ഷാ സമയത്ത്, ചോദ്യപ്പേപ്പര്‍ കിട്ടിയാല്‍ ആദ്യം ചോദ്യങ്ങളെല്ലാം ഒന്നോടിച്ചു വായിച്ചു നോക്കുക. ചോയ്സുകളുണ്ടെങ്കില്‍ എഴുതേണ്ടവയേതെന്ന് ആദ്യം എഴുതേണ്ടത് ഏതെന്നും തീരുമാനിക്കുക. 
  • കൃത്യമായി സമയം പാലിക്കുക. ഓരോ ചോദ്യത്തിനും മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സമയം നീക്കിവെച്ച് എഴുതുക. പരീക്ഷക്കു പോകുമ്പോള്‍ എപ്പോഴും വാച്ച് കയ്യില്‍ കരുതുക. സമയം പാലിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുക. 
  • ധൃതിപിടിച്ച് , വായിക്കാന്‍ പറ്റാത്ത കയ്യക്ഷരത്തില്‍ എഴുതരുത്. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ വായിച്ചടുക്കാന്‍ കിട്ടുന്ന തരത്തില്‍ വേണം എഴുതാന്‍. എന്നുവച്ച് മനോഹരമായ കയ്യക്ഷരത്തില്‍ എഴുതാന്‍ ശ്രമിച്ച് സമയം കളയുകയും അരുത്.
  •  ചോദ്യങ്ങളെല്ലാം എഴുതിക്കഴിഞ്ഞശേഷം. അഞ്ചോ പത്തോ മിനുട്ട് എഴുതിയ ഉത്തരങ്ങള്‍ വായിക്കാന്‍ വേണ്ടി മാറ്റി വെക്കുന്നത് നല്ലതാണ്. ചോദ്യനമ്പരുകള്‍ പരിശാധിക്കല്‍, തെറ്റുകള്‍ തിരുത്തല്‍, പ്രധാനപ്പെട്ടവ അടിവരയിടല്‍ മുതലായവക്ക് ഈ സമയം ഉപയോഗപ്പെടുത്താം.
  • പരീക്ഷ കഴിഞ്ഞാല്‍ അതിനെ വിശകലനം ചെയ്യുന്നത് എല്ലാ പരീക്ഷകളും കഴിഞ്ഞിട്ടു മതി. എഴുതിക്കഴിഞ്ഞ പരീക്ഷകള്‍ തല്‍ക്കാലം മറക്കുക. അടുത്ത പരീക്ഷക്ക് തയ്യാറാകുക. 
  • ഒരു പരീക്ഷ കഴിഞ്ഞാല്‍ അടുത്ത പരീക്ഷക്കുമുമ്പ് രക്ഷിതാക്കള്‍ വീട്ടില്‍ വെച്ചു ചെയ്യുന്ന ചോദ്യപ്പേപ്പര്‍ വിശകലനം ഒഴിവാക്കുന്നതാണ് നല്ലത്. 
  • നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കാനുമുള്ള ഒരു അവസരമായി പരീക്ഷകളെ കാണുക.
  •  എല്ലാവര്‍ക്കും പരീക്ഷ ഒരേ പോലെ അനുഭവപ്പെട്ടുകൊള്ളണമെന്നില്ല. നാം നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുക. അതിനപ്പുറമുള്ളതിനെക്കുറിച്ചാലോചിച്ച് വേവലാതിപ്പെടാതിരിക്കുക.             എല്ലാവര്‍ക്കും വിജയാശംസകള്‍.........                                                             
സ്നേഫപൂര്‍വ്വം,
മാഷ്, 
പാഠശാല, ‍ഡയറ്റ്,തൃശ്ശൂര്‍,രാമവര്‍മപുരം.                                                                                                                            ഫോണ്‍ : 09961915178