Saturday 29 March 2014

ഉഷ ടീച്ചര്‍ - ഡയറ്റിലെ കാവ്യ സാന്നിദ്ധ്യം



 തൃശ്ശൂര്‍ ഡയറ്റിലെ പ്ലാനിങ്ങ് & മാനേജുമെന്റ് വിഭാഗം സീനിയര്‍ അധ്യാപികയായ ഡോ. എം. ബി. ഉഷാകുമാരി 2014 മാര്‍ച്ച് 31ന് സര്‍വ്വീസില്‍നിന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്. സൗമ്യമായ പെരുമാറ്റംകൊണ്ടും ശാന്തമായ ഇടപെടല്‍കൊണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഉഷടീച്ചര്‍, 1957 ആഗസ്ത്  29ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടമ്പറ്റ മണ്ണില്‍ വീട്ടിലാണ് ജനിച്ചത്. പരേതരായ ശ്രീ. ഭാസ്കരന്‍ നായരും ശ്രീമതി കാദംബരിയമ്മയുമായിരുന്ന മാതാപിതാക്കള്‍.

1973 ല്‍ വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് ഹൈസ്കൂളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസ്സായി. പാലാ അല്‍ഫോന്‍സ് കോളേജില്‍നിന്ന്  1975ല്‍ പ്രീ ഡിഗ്രിയും വാഴപ്പിള്ളി സെന്റ് തെരേസാ ടി ടി ഐ യില്‍ നിന്ന് 1979ല്‍ ഒന്നാം റങ്കോടെ ടി ടി സിയും പാസ്സായി. ആദ്യമായി ടി ടി സിക്ക് എന്‍ഡോവ്മെന്റ് ലഭിച്ചത് ഉഷ ടീച്ചര്‍ക്കായിരുന്നു. 1983ല്‍ കേരള സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ ബി എ യും  1985ല്‍ എം എ യും പാസ്സായി. 1989ല്‍ കോഴിക്കോട് രാമകൃഷ്ണാശ്രമത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബി എഡും 1984ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ എം എഡും പാസ്സായി. 2009ല്‍ കോഴിക്കട് സര്‍വ്വകലാശാലയില്‍നിന്ന് വിദ്യാഭ്യാസത്തില്‍ ഗവേഷണബിരുദം കരസ്ഥമാക്കി.
1979ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് രാജാജി ജയ് സ്കൂളിലെ അധ്യാപികയായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മൂച്ചിയാട്ട് ഗവ. യു പി സ്കൂള്‍, കാസര്‍ഗോട്ടെ കുറിച്ചിപ്പള്ള ഗവ. യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാടിസ്ഥാനത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചു. കാസര്‍ഗോഡ് ഗവ. യു പി സ്കൂള്‍ അധ്യാപികയായാണ് റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.  തുടര്‍ന്ന് കോട്ടയം ജില്ലയിലെ കല്ലേക്കുളം ഗവ. എല്‍ പി സ്കൂള്‍, ഈരാറ്റുപേട്ട ഗവ. എല്‍ പി സ്കൂള്‍, കുലശേഖരമംഗലം ഗവ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. 1991ല്‍ എറണാകുളം ഡയറ്റിലെ പ്രീ സര്‍വ്വീസ് വിഭാഗം മലയാളം അധ്യാപികയായി നിയമിതയായി. 2000ല്‍ തൃശ്ശൂര്‍ ഡയറ്റ് പ്ലാനിങ്ങ് & മാനേജുമെന്റ് വിഭാഗം സീനിയ ര്‍അധ്യാപികയായി ജോലിക്കയറ്റം ലഭിച്ചു. കഴിഞ്ഞ 14 വര്‍ഷമായി തൃശ്ശൂര്‍ ഡയറ്റില്‍ സേവനമനുഷ്ഠിച്ചുവരുന്ന ഉഷ ടീച്ചര്‍ നീണ്ട 23 വര്‍ഷക്കാലം അധ്യാപക പരിശീലകയായി പ്രവര്‍ത്തിച്ചു വരുന്നു.

വ്യാപാരിയായ വിക്രമകുമാര്‍ ആണ് ഭര്‍ത്താവ്. കണ്ണൂര്‍ ഡന്റല്‍ കോളേജിലെ ബി ‍ഡി എസ് വിദ്യാര്‍ഥികളായ രാജലക്ഷ്മി, വൈശാഖ് എന്നിവരാണ് മക്കള്‍.

അധ്യാപിക, അധ്യാപക പരിശീലക എന്നിവക്കപ്പുറം, അറിയപ്പെടുന്ന കവികൂടിയാണ് ഉഷടീച്ചര്‍. 1974ല്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ എഴുതിയ ഓമനക്കുട്ടന്‍ എന്ന കവിതയോടെയായിരുന്നു കാവ്യജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന്, മാതൃഭാവന എന്ന കവിതക്ക്  1980ലെ കെ പി എസ് ടി യു കവിതാമസത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.1998ല്‍ സ്ത്രീപര്‍വ്വം എന്ന കവിതക്ക് മാമ്മന്‍ മാപ്പിള അവാര്‍ഡ്, സമഗ്ര സംഭാവനക്കുള്ള അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ആകാശവാണി നിലയങ്ങളില്‍ കവിതകള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അങ്ങനെ, ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ഉഷടീച്ചര്‍ വിരമിക്കുമ്പോള്‍, കാവ്യസൗന്ദര്യം എന്നും മനസ്സില്‍ സൂക്ഷിച്ച ഒരധ്യാപിക വിദ്യാഭ്യാസ മേഖലയോട് യാത്ര പറയുന്നു.




 

4 comments:

  1. കാവ്യജീവിതം തുടരാന്‍ കഴിയട്ടെ .......

    ReplyDelete
  2. all the best teacher

    Ramachandran ssa

    ReplyDelete
  3. MANGALANGAL NERUNNU - MERCY

    ReplyDelete
  4. ആലപ്പുഴ ഡയറ്റ് പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റ് ഫാക്കല്‍റ്റി ഉഷടീച്ചര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നു..

    ReplyDelete